നേപ്പാളിലെ ഭോട്ടെ കോഷി നദിയിലുണ്ടായ അപ്രതീക്ഷിത മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മരണം 160 കടന്നു. ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെ ടിബറ്റ് അതിർത്തിയോട് ചേർന്നുള്ള ഭോട്ടെ കോഷി നദിയിൽ പെട്ടെന്നുണ്ടായ ജലപ്രവാഹമാണ് വലിയ ദുരന്തത്തിന് വഴിവെച്ചത്. കൈലാസ് മാനസസരോവർ തീർത്ഥാടനത്തിന് പോയ 133 ഇന്ത്യക്കാർ ഉൾപ്പെടെ നൂറുകണക്കിന് ആളുകളെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.
രസുവ, ധാദിങ്, നുവാകോട്ട് ജില്ലകളിലാണ് പ്രളയം വൻ നാശനഷ്ട വിതച്ചത്. നിമിഷങ്ങൾക്കുള്ളിൽ നിരവധി ബഹുനില കെട്ടിടങ്ങളും വീടുകളും നദിയിലേക്ക് നിലംപതിക്കുകയും ബസുകൾ അടക്കമുള്ള വാഹനങ്ങൾ ഒഴുകിപ്പോവുകയും ചെയ്തു. 2015-ലെ ഭൂകമ്പത്തിന് ശേഷം നേപ്പാൾ നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണിത്. ഹിമാലയൻ ഹിമാനികളിലുണ്ടായ ഇടിവാണ് പ്രളയത്തിന് കാരണമെന്ന് കരുതപ്പെടുന്നു. ദുരന്തബാധിതരെ സഹായിക്കാൻ വ്യോമസേന വിമാനത്തിൽ 10 ടൺ ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യ നേപ്പാളിലെത്തിച്ചു.
അതേസമയം, പ്രളയജലം അതിർത്തി കടന്നെത്തുന്നതോടെ ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ബിഹാറിലെ പശ്ചിമ ചമ്പാരൻ, ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗർ ജില്ലകളിൽ സുരക്ഷ ശക്തമാക്കി. ബിഹാറിൽ അയ്യായിരത്തോളം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഗണ്ഡക് നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വാൽമീകിനഗർ ബാരേജിന്റെ മുഴുവൻ ഷട്ടറുകളും തുറന്നിട്ടുണ്ട്. എൻ.ഡി.ആർ.എഫിന്റെ 9 സംഘങ്ങളെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.

















