ബിഹാറിലെ ബി.പി.എസ്.സി (BPSC) പരീക്ഷാ വിവാദത്തിലും വിദ്യാർത്ഥി പ്രക്ഷോഭത്തിനുനേരെയുണ്ടായ പൊലീസ് നടപടിയിലും ബി.ജെ.പി നേതൃത്വം നൽകുന്ന ബിഹാർ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ സർക്കാർ പൊലീസിനെ ആയുധമാക്കുകയാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ കുറ്റപ്പെടുത്തി.
പ്രതിഷേധത്തിനിടെ അഞ്ചു വയസ്സുള്ള കുട്ടിയെ പൊലീസ് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ എൻ.എസ്.യു.ഐ പങ്കുവെച്ചത് ഷെയർ ചെയ്തുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. നിയമന പരീക്ഷകളിൽ ക്രമക്കേടുകൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്നും ചോദ്യപേപ്പർ ചോർച്ചയിൽ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും ബിഹാറിലെ യുവാക്കൾക്ക് വ്യക്തമായി ചോദിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരീക്ഷാ രീതിയിലെ തകരാറുകൾ, കാലതാമസം, സുതാര്യതയില്ലായ്മ എന്നിവയ്‌ക്കെതിരെ വിദ്യാർത്ഥികൾ ദീർഘകാലമായി തെരുവിലാണ്. എന്നാൽ മറുപടി നൽകുന്നതിന് പകരം ലാത്തിപ്രയോഗവും ജലപീരങ്കിയും ഉപയോഗിച്ച് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുക്കുകയാണ് സർക്കാർ ചെയ്യുന്നത്.
ലാത്തി പ്രയോഗിച്ചതുകൊണ്ട് ചോദ്യങ്ങൾ അവസാനിക്കില്ലെന്നും ഭയം ജനിപ്പിച്ച് യുവാക്കളുടെ ഭാവി തട്ടിയെടുക്കാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. ബിഹാറിലെ വിദ്യാർത്ഥികൾ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുമെന്നും ഇനി അവർക്ക് വെറും മറുപടി മാത്രമല്ല, ഉത്തരവാദിത്തം കൂടിയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

















