ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ന് വൈകീട്ട് നടക്കുന്ന ബ്രസീൽ ലെജൻഡ്സും ഇന്ത്യ ലെജൻഡ്സും തമ്മിലുള്ള വൻകിട ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിൽ കൊച്ചി സിറ്റി ട്രാഫിക് പോലീസ് കടുത്ത ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കാണികളുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി വാഹന പാർക്കിംഗിനും റൂട്ട് മാറ്റങ്ങൾക്കും പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
പശ്ചിമകൊച്ചി, വൈപ്പിൻ ഭാഗങ്ങളിൽ നിന്നുള്ളവർ ചാത്യാത്ത് റോഡിൽ അപകടരഹിതമായി വാഹനങ്ങൾ പാർക്ക് ചെയ്ത് മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ച് സ്റ്റേഡിയത്തിൽ എത്തണം. തൃശൂർ, മലപ്പുറം, പറവൂർ ഭാഗത്തു നിന്നുള്ളവർ ആലുവയിലോ കണ്ടെയ്നർ റോഡരികിലോ, ഇടുക്കി, കോട്ടയം, പെരുമ്പാവൂർ മേഖലകളിൽ നിന്നുള്ളവർ തൃപ്പൂണിത്തുറ, കാക്കനാട് ഭാഗങ്ങളിലോ, ആലപ്പുഴ ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ നിന്നുള്ളവർ കുണ്ടന്നൂർ, വൈറ്റില ഭാഗങ്ങളിലോ വാഹനങ്ങൾ പാർക്ക് ചെയ്ത് മെട്രോ മാർഗ്ഗം സ്റ്റേഡിയത്തിലേക്ക് പോകേണ്ടതാണ്. കാണികളുമായി എത്തുന്ന ഹെവി വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശനം ഉണ്ടാകില്ല.
വൈകിട്ട് മൂന്ന് മണിക്ക് ശേഷം എറണാകുളത്തു നിന്ന് ഇടപ്പള്ളി, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ കലൂർ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് പൊറ്റക്കുഴി-മാമംഗലം റോഡ്, ബിടിഎസ് റോഡ്, എളമക്കര റോഡ് വഴി ഇടപ്പള്ളിയിലെത്തണം. ഇടപ്പള്ളി, പാലാരിവട്ടം ഭാഗങ്ങളിൽ നിന്ന് എറണാകുളത്തേക്ക് പോകുന്നവർ വൈറ്റില ജംഗ്ഷൻ, എസ്.എ റോഡ് വഴി യാത്ര ചെയ്യണമെന്നും പോലീസ് അറിയിച്ചു.















