കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻ പള്ളി ഫൊറോന ദൈവാലയമായി ഉയർത്തപ്പെട്ട ശേഷമുള്ള ആദ്യത്തെ ഇടവക മധ്യസ്ഥന്റെ തിരുനാൾ ആഘോഷങ്ങൾ ഭക്തിസാന്ദ്രമായി സമാപിച്ചു. മെയ് 15, 16, 17 തീയതികളിലായി ‘കല്ലിട്ടതിരുനാൾ’ കൊണ്ടാടിയത്.
തിരുനാളിനോടനുബന്ധിച്ച് ശനിയാഴ്ച വൈകിട്ട് നടന്ന ഭക്തിനിർഭരമായ രാത്രി പ്രദക്ഷിണത്തിലും, ഞായറാഴ്ച ഉച്ചയ്ക്ക് കുരിശിൻതൊട്ടി ചുറ്റി നടന്ന പ്രധാന തിരുനാൾ പ്രദക്ഷിണത്തിലും വലിയ ജനപങ്കാളിത്തമാണ് ദൃശ്യമായത്. തിരുനാൾ ദിനങ്ങളിൽ വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുന്നതിനായി ദൈവാലയത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.
ആത്മീയ ചടങ്ങുകൾക്കൊപ്പം വൈവിധ്യമാർന്ന കലാപരിപാടികളും തിരുനാളിന് മാറ്റുകൂട്ടി. മെയ് 15-ാം തീയതി കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസ് അവതരിപ്പിച്ച ‘തച്ചൻ’ എന്ന ചരിത്ര നാടകവും, തിരുനാൾ സമാപന ദിവസമായ ഇന്ന് 17-ാം തീയതി രാത്രി നടന്ന പ്രശസ്ത ഗാനമേള ട്രൂപ്പായ പാലാ കമ്മ്യൂണിക്കേഷൻസിന്റെ മെഗാ ഗാനമേളയും ജനശ്രദ്ധ ആകർഷിച്ചു.
ഫൊറോന വികാരി വെരി. റവ. ഫാ. ജോസ് നെല്ലിക്കത്തെരുവിൽ, അസിസ്റ്റന്റ് വികാരി റവ. ഫാ. ജോൺ വയലിൽ, കൈക്കാരന്മാരായ ജോ കോടിക്കുളം, അലോഷ്യസ് തോണക്കര, മാത്തുക്കുട്ടി വലിയപറമ്പിൽ എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാൾ തിരുക്കർമ്മങ്ങളും മറ്റ് ആഘോഷ പരിപാടികളും നടത്തിയത്.















