ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്തു. കളമശേരി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മെസി വിഷയത്തിൽ നടന്ന മുഴുവൻ ഇടപാടുകളും സാമ്പത്തിക സ്രോതസ്സുകളും സമഗ്രമായി അന്വേഷിക്കാൻ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ തുടർനടപടിയായാണ് കേസ് രജിസ്റ്റർ ചെയ്തത്. കൂടുതൽ ഔദ്യോഗിക രേഖകൾ ആവശ്യപ്പെടുന്നതിനും ബന്ധപ്പെട്ടവരിൽ നിന്ന് മൊഴിയെടുക്കുന്നതിനും നിയമപരമായ പിൻബലം ഉറപ്പാക്കാനാണ് പ്രാഥമിക അന്വേഷണം രേഖപ്പെടുത്തിയതെന്ന് എസ്.ഐ.ടി വ്യക്തമാക്കുന്നു. വരുന്ന ദിവസങ്ങളിൽ വിവിധ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും കൂടുതൽ വിവരങ്ങൾ സംഘം ശേഖരിക്കും.















