കടുത്തുരുത്തി: എഴുമാന്തുരുത്ത് ഗവൺമെന്റ് യു.പി. സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് വീടുകളിലേക്ക് മടങ്ങിയ കുടുംബങ്ങൾക്ക് കാരുണ്യ ആശ്വാസ പദ്ധതിയുടെ ഭാഗമായി അവശ്യവസ്തുക്കളുടെ വിതരണം നടത്തി. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി മോൻസ് ജോസഫ് നിർവ്വഹിച്ചു.
കടുത്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ മേൽനോട്ടത്തിൽ എം.എൽ.എ ഹെൽപ്പ് ഡെസ്ക്, വിവിധ സാമൂഹിക സംഘടനകൾ, പൊതുപ്രവർത്തകർ എന്നിവരുടെ പൂർണ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. പ്രകൃതിദുരന്തത്തെ തുടർന്ന് ക്യാമ്പുകളിൽ കഴിയേണ്ടി വന്ന കുടുംബങ്ങൾക്ക് വീടുകളിലേക്ക് മടങ്ങുമ്പോൾ ദൈനംദിന ആവശ്യങ്ങൾക്കുള്ള സാധനസാമഗ്രികൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആശ്വാസ പദ്ധതി സംഘടിപ്പിച്ചത്.















