തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യം ചേന്തിയിൽ വെച്ച് മുഖ്യമന്ത്രിയുടെ വാഹനം തടയുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ ഡി.സി.സി (DCC) അംഗം ചേന്തി അനിൽ പോലീസ് കസ്റ്റഡിയിൽ. അന്യായമായി തടഞ്ഞുവെക്കൽ, സംഘം ചേരൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ചേന്തി അനിലിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. ശ്രീനാരായണഗുരു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ചേന്തിയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി ചെമ്പഴന്തിയിലേക്ക് പോകാൻ മുതിർന്നതാണ് തർക്കത്തിന് വഴിവെച്ചത്. തുടര്‍ന്ന് ചേന്തി അനിലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ വാഹനം തടയുകയായിരുന്നു. കാറിൽ നിന്നിറങ്ങിയ മുഖ്യമന്ത്രിയും ചേന്തി അനിലും തമ്മിൽ രൂക്ഷമായ വാക്ക് തർക്കമുണ്ടാകുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
എന്നാൽ താൻ വാഹനം തടഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി കോളേജ് കുട്ടികളെപ്പോലെ വഴക്കിടുകയായിരുന്നെന്നുമാണ് അനിലിന്റെ വിശദീകരണം. അതേസമയം, ചേന്തിയിലെ ചതയദിനാഘോഷത്തിൽ പങ്കെടുക്കുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളുടെ ഷെഡ്യൂളിൽ ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. സംഭവത്തിൽ ചേന്തി അനിലിനെതിരെ കെ.പി.സി.സി (KPCC) സംഘടനാപരമായ നടപടിയെടുത്തേക്കുമെന്നാണ് സൂചന.

















