മാസപ്പടി കേസുമായി ബന്ധപ്പെട്ട് കൊച്ചി ഇഡി സംഘം കോഴിക്കോട്ട് നടത്തുന്ന റെയ്ഡുകൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി സിപിഐഎം. ഇഡി നടപടികളെ രാഷ്ട്രീയമായും നിയമപരമായും ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ്
വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. റെയ്ഡുകളുടെ പേരിൽ ഇഡി പുകമറ സൃഷ്ടിക്കുകയാണെന്നും, വരും ദിവസങ്ങളിൽ ഇഡി ഓഫീസ് വളഞ്ഞ് വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റേത് സംശുദ്ധമായ രാഷ്ട്രീയ ജീവിതമാണെന്ന് വിശേഷിപ്പിച്ച മെഹബൂബ്, റിയാസിനെയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും വേട്ടയാടാനാണ് കേന്ദ്ര ഏജൻസി ശ്രമിക്കുന്നതെന്ന് ആരോപിച്ചു. കോഴിക്കോട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പി. നിഖിലിന് പാർട്ടി പൂർണ്ണ രാഷ്ട്രീയ പിന്തുണ നൽകും. എൽഡിഎഫ് സർക്കാരിനെ തകർക്കാനും രാഷ്ട്രീയ നേട്ടമുണ്ടാക്കാനും കേന്ദ്ര-സംസ്ഥാന തലങ്ങളിൽ ബിജെപിയും കോൺഗ്രസും ഒത്തുകളിക്കുകയാണെന്നും ഇതിനെ പാർട്ടി അതിജീവിക്കുമെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേർത്തു.
















