ഖാർകിവ്: യുക്രൈനിലെ ഖാർകിവിലുള്ള യുക്രൈനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ പ്രധാന ദേവാലയത്തിന് നേരെ റഷ്യൻ മിസൈൽ ആക്രമണം. ഖാർകിവിലെ സെന്റ് നിക്കോളാസ് ദി വണ്ടർവർക്കർ കത്തീഡ്രലിനാണ് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചത്.
റഷ്യൻ മിസൈലിന്റെ ഭാഗങ്ങൾ പതിച്ചതിനെ തുടർന്ന് ദേവാലയത്തിന്റെ വലിയ ജനൽച്ചില്ലുകൾ തകരുകയും സമുച്ചയത്തിന്റെ പരിസരത്ത് കനത്ത നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തതായി ഇടവക അധികൃതർ അറിയിച്ചു. ആക്രമണ സമയത്ത് വിശ്വാസികൾ ആരും അപകടത്തിൽ പെടാത്തതും എല്ലാവരും സുരക്ഷിതരായിരിക്കുന്നതും വലിയ ആശ്വാസമാണെങ്കിലും, ചരിത്രപ്രാധാന്യമുള്ള ദേവാലയത്തിന്റെ ഭൗതിക ഘടനയ്ക്ക് നാശം സംഭവിച്ചത് ദുഃഖകരമാണെന്ന് സഭാനേതൃത്വം വ്യക്തമാക്കി.
ഖാർകിവ് നഗരത്തിൽ റഷ്യ കനത്ത ആക്രമണങ്ങൾ തുടരുന്നതിനിടെയാണ് കത്തീഡ്രലിനും കേടുപാടുകൾ സംഭവിച്ചത്. യുദ്ധം ആരംഭിച്ചതിനുശേഷം യുക്രൈനിലെ നിരവധി ആരാധനാലയങ്ങളും പൈതൃക സഭാ സ്ഥാപനങ്ങളുമാണ് തകർക്കപ്പെട്ടിട്ടുള്ളത്. ഇക്കഴിഞ്ഞ ജൂണിൽ, യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള 11-ാം നൂറ്റാണ്ടിലെ ‘ഡോർമിഷൻ കത്തീഡ്രൽ’ റഷ്യ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ അഗ്നിക്കിരയായിരുന്നു. ഈ പരമ്പരയിലെ ഒടുവിലത്തെ സംഭവമാണ് ഖാർകിവിലുണ്ടായ ആക്രമണം.
















