പാലാ: പ്രളയജലമൊഴിഞ്ഞ പാലായിൽ ഇന്ന് ജനപ്രളയം തീർക്കാൻ സിനിമാ താരങ്ങളും പ്രമുഖ വ്യക്തിത്വങ്ങളും എത്തുന്നു. പാലാ കെ.എസ്.ആർ.ടി.സി. കോംപ്ലക്സിൽ പ്രവർത്തനം ആരംഭിക്കുന്ന പുതിയ ചെമ്മണ്ണൂർ ജൂവലറി ഷോറൂമിന്റെ ഉദ്ഘാടനത്തിനായാണ് പ്രശസ്ത സിനിമാ നടി സ്വാസിക ഉൾപ്പെടെയുള്ള താരസുന്ദരിമാരും ബോബി ചെമ്മണ്ണൂരും പാലായിലേക്ക് എത്തുന്നത്.

കെ.എസ്.ആർ.ടി.സി. ബിൽഡിംഗിൽ കഴിഞ്ഞ രണ്ടു മാസമായി തകൃതിയായി നടന്നു വന്നിരുന്ന നിർമ്മാണ ജോലികൾ പൂർത്തിയാക്കിയാണ് പുതിയ ഷോറൂം തുറക്കുന്നത്. മുൻപ് ലേലം കൊള്ളാൻ ആളില്ലാതിരുന്ന കെട്ടിടം ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് ഏറ്റെടുത്തത് കെ.എസ്.ആർ.ടി.സി.ക്കും വലിയ ആശ്വാസമായിരുന്നു. ഇതോടെ ഈ മേഖല ഒരു പ്രധാന ബിസിനസ് ഹബ്ബായി വളരുമെന്ന പ്രതീക്ഷയിലാണ് പ്രാദേശിക വ്യാപാരികൾ. ബിസിനസ് രംഗത്തെ വ്യത്യസ്തമായ പ്രചാരണ ശൈലികൊണ്ട് ശ്രദ്ധേയനായ ബോബി ചെമ്മണ്ണൂരിന്റെ വരവ് പാലായിലെ വ്യാപാര മേഖലയ്ക്ക് പുതിയ ഊർജ്ജം പകരുമെന്ന് കരുതപ്പെടുന്നു.
ശ്രദ്ധ കേന്ദ്രീകരിച്ച് നഗരസഭാ അങ്കവും
സിനിമാ താരങ്ങൾ ഉദ്ഘാടനച്ചടങ്ങുകളുമായി പാലായിൽ നിറഞ്ഞുനിൽക്കുമ്പോൾ, നഗരസഭാ അങ്കത്തിലെ രാഷ്ട്രീയ പോരാട്ടങ്ങളിലൂടെ ജനശ്രദ്ധ നേടുകയാണ് മറ്റ് ചില പ്രമുഖർ. ചെയർപേഴ്സൺ സ്ഥാനത്തേക്ക് ശക്തമായ മത്സരരംഗത്തുള്ള മായാ രാഹുലും റിയാ ചീരംകുഴിയുമാണ് നിലവിൽ പ്രദേശത്തെ പ്രധാന ചർച്ചാവിഷയം.
ഭരണനേതൃത്വത്തിലേക്ക് എത്താൻ മായാ രാഹുലിന് 16 കൗൺസിലർമാരുടെ പിന്തുണയുണ്ടെന്നാണ് സൂചന. എന്നാൽ അത്ര എളുപ്പത്തിൽ വിട്ടുകൊടുക്കാൻ തയ്യാറാകാതെ 10 കൗൺസിലർമാരുടെ പിന്തുണയോടെ റിയാ ചീരംകുഴിയും ശക്തമായി രംഗത്തുണ്ട്. ഇവർ തമ്മിലുള്ള പോരാട്ടത്തിൽ വിമത കോൺഗ്രസ് അംഗമായ ബിജു മാത്യൂസിന്റെ നിലപാട് നിർണ്ണായകമാകും. അട്ടിമറികൾ എന്തെങ്കിലും സംഭവിക്കുമോ എന്ന ഉറ്റുനോക്കലിലാണ് രാഷ്ട്രീയ നിരീക്ഷകർ.
















