പാലാ . സങ്കീർണ്ണമായ റീ-ഡു ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ അത്യാധുനിക ന്യൂറോ നാവിഗേഷൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ മാർ സ്ലീവാ മെഡിസിറ്റിയിൽ വിജയകരമായി പൂർത്തിയാക്കിയ കണ്ണൂർ സ്വദേശിനിയായ വീട്ടമ്മയ്ക്കു പുനർജന്മം. ന്യൂറോ സർജറി ആൻഡ് സ്പൈൻ സർജറി വിഭാഗം മേധാവി ഡോ.സരീഷ് കുമാർ എം.കെയുടെ നേതൃത്വത്തിലാണ് യുവതിയായ വീട്ടമ്മയ്ക്കു രണ്ട് ഘട്ടങ്ങളിലായി തലച്ചോറിലെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയത്.
നേരത്തെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ രണ്ട് തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടും വീണ്ടും അതിവേഗം വളർന്ന സി.പി ആംഗിൾ ട്യൂമർ അഥവാ തലച്ചോറിന്റെ പുറകിൽ കേൾവിയുടെ നാഡിയിൽ വളർന്നുവന്ന വലിയ മുഴയാണ് മൂന്നാമത് നടത്തിയ സങ്കീർണ ശസ്ത്രക്രയിയിലൂടെ പൂർണ്ണമായി നീക്കം ചെയ്യാൻ സാധിച്ചത്.
തുടർച്ചയായ ട്യൂമർ വളർച്ചയെ തുടർന്നു തലച്ചോറിൽ അമിതമായി ദ്രാവകം കെട്ടിക്കിടക്കുന്ന അവസ്ഥയും , കഠിനമായ തലവേദനയും, നടക്കുമ്പോൾ ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുന്ന അവസ്ഥയിലുമാണ് യുവതി മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സ തേടിയെത്തിയത്. മുൻപ് രണ്ട് തവണ ശസ്ത്രക്രിയ കഴിഞ്ഞതിനാൽ വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടത് അപകട സാധ്യതയുള്ളതായിരുന്നു.
ഇതേ തുടർന്നാണ് ഡോ. സരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ മെഡിക്കൽ സംഘം രണ്ട് ഘട്ടങ്ങളിലായി സർജറി നടത്താൻ തീരുമാനിച്ചത്. ആദ്യ ഘട്ടത്തിൽ തലച്ചോറിലെ അമിത സമ്മർദ്ദം കുറയ്ക്കുന്നതിനായി വി.പി ഷണ്ട് സർജറി വിജയകരമായി പൂർത്തിയാക്കി. രണ്ടാം ഘട്ടത്തിൽ അത്യാധുനിക ന്യൂറോ നാവിഗേഷൻ സംവിധാനങ്ങളുടെ സഹായത്തോടെ കൃത്യത ഉറപ്പാക്കി, റിട്രോ മാസ്റ്റയ്‌ഡ് സബ് ഓക്‌സിപിറ്റൽ ക്രാനിയോട്ടമി വഴി അതീവ സങ്കീർണ്ണമായ ട്യൂമർ പൂർണ്ണമായും വിജയകരമായി നീക്കം ചെയ്തു. തലച്ചോറിലെ പ്രധാന നാഡികൾക്ക് യാതൊരുവിധ കേടുപാടുകളും വരുത്താതെ ട്യൂമർ നീക്കം ചെയ്യാൻ ന്യൂറോ നാവിഗേഷൻ സാങ്കേതികവിദ്യ സഹായിച്ചു.
അനസ്തേഷ്യോളജി ആൻഡ് പെരിഓപ്പറേറ്റീവ് വിഭാഗം മേധാവി ഡോ.മഞ്ജിത് ജോർജും ശസ്ത്രക്രിയയുടെ ഭാഗമായി. ശസ്ത്രക്രിയയ്ക്ക് ശേഷം യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളുമില്ലാതെ പൂർണ സുരക്ഷിതയായി സുഖം പ്രാപിച്ച രോഗി ആശുപത്രി വിട്ടു. അസാധ്യമായ മെഡിക്കൽ വെല്ലുവിളികളെപ്പോലും അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ അതിജീവിച്ച് രോഗിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിഞ്ഞത് മാർ സ്ലീവാ മെഡിസിറ്റിയിലെ ന്യൂറോ സർജറി വിഭാഗത്തിന്റെ മികച്ച നേട്ടമാണെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടർ റവ.ഫാ. മാത്യു തെക്കേൽ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർകോമഡോർ ഡോ.പോളിൻ ബാബു എന്നിവർ അറിയിച്ചു.















