കടപ്ലാമറ്റം: നൂതന സാങ്കേതിക വിദ്യയുടെ ലോകത്തേക്ക് ചുവടുവെച്ച് കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്‌കൂൾ. സ്കൂളിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികളുടെയും സ്കൂളിന്റെയും വിശേഷങ്ങൾ പങ്കുവെക്കുന്നതിനായി ‘ധ്വനി @stantonys’ എന്ന ഔദ്യോഗിക യൂട്യൂബ് ചാനൽ പുറത്തിറക്കി. സ്കൂളിലെ പത്താം പീയൂസ് ഹാളിൽ നടന്ന ചടങ്ങിലാണ് ചാനലിന്റെ ലോഞ്ചിംഗ് നടന്നത്.
വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും സ്കൂളിലെ വാർത്തകൾ വേഗത്തിൽ ജനങ്ങളിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ടാണ് ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഒരുക്കിയിരിക്കുന്നത്. “Aspire to Inspire” എന്ന ആപ്തവാക്യമുയർത്തിപ്പിടിച്ച് നടത്തുന്ന നവതി ആഘോഷങ്ങളുടെ ഭാഗമായി കൂടുതൽ ഡിജിറ്റൽ നവീകരണങ്ങൾ സ്കൂളിൽ നടപ്പിലാക്കുമെന്നും അധികൃതർ വ്യക്തമാക്കി. ചടങ്ങിൽ സ്കൂൾ മാനേജർ, ഹെഡ്മാസ്റ്റർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.












