2025 ജനുവരി 06 ചൊവ്വ 1199 ധനു 22
വാർത്തകൾ
🗞️👉 ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ കൊല്ലം തെന്മല ഒറ്റക്കൽ ഭാഗത്ത് കല്ലടയാറ്റിൽ ഇറങ്ങിയ അയ്യപ്പഭക്തർ ഒഴുക്കിൽപ്പെട്ടു. ചെന്നൈ സ്വദേശികളായ രണ്ട് ഭക്തരാണ് അപകടത്തിൽപ്പെട്ടത്. അതിശക്തമായ ഒഴുക്കുള്ള ഭാഗമായിരുന്നിട്ടും പാറക്കെട്ടുകളിൽ മുറുകെ പിടിച്ചുനിന്നതിനാൽ ഇരുവരും അത്ഭുതകരമായി രക്ഷപ്പെട്ടു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ചെന്നൈയിൽ നിന്നുള്ള സംഘം ഒറ്റക്കൽ റെയിൽവേ പാലത്തിന് സമീപം കല്ലടയാറ്റിൽ കൈകാലുകൾ കഴുകാനായി ഇറങ്ങിയത്. ഈ സമയത്ത് ആറ്റിൽ ഒഴുക്ക് വളരെ കൂടുതലായിരുന്നു. പുഴയുടെ സ്വഭാവം അറിയാതെ വെള്ളത്തിലിറങ്ങിയ ഇരുവരും പെട്ടെന്ന് തന്നെ ഒഴുക്കിൽപ്പെടുകയായിരുന്നു.
🗞️👉സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വര കേസുകളിൽ കുറവില്ല. ഇന്ന് രോഗം ബാധിച്ച് രണ്ട് പേർ മരിച്ചു.കഴിഞ്ഞമാസം അഞ്ച് മരണം റിപ്പോർട്ട് ചെയ്തു. 2025 ൽ രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് ഉണ്ടായത്. ആരോഗ്യ വകുപ്പിന് ഉറവിടം കണ്ടെത്താൻ ആകുന്നില്ലെന്നതും തിരിച്ചടിയാണ്. 2024ൽ അൻപതിൽ താഴെ ആയിരുന്നു രോഗം ബാധിച്ചവരുടെ എണ്ണം. എന്നാൽ 2025ൽ ഇരുന്നൂറിന് മുകളിലാണ് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചവരുടെ എണ്ണം. കഴിഞ്ഞ വർഷം മാത്രം അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് 47 പേർ മരിച്ചു എന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. 201 പേർക്കാണ് 2025ൽ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ മരണനിരക്കും ഉയരുന്നു എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. ഇന്ന് രണ്ട് മരണം സംസ്ഥാനത്ത് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയും കോഴിക്കോട് സ്വദേശിയുമാണ് മരിച്ചത്.
🗞️👉 പാലക്കാട് തെങ്കരയിൽ പൊലീസ് സ്റ്റേഷനിൽ സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ കുത്തിയിരിപ്പ് സമരം. തെങ്കര ലോക്കൽ സെക്രട്ടറി കെ. സുരേന്ദ്രനാണ് മണ്ണാർകാട് പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ പിടിയിലായ ലീഗ് പ്രവർത്തകനെതിരെ നിസാര വകുപ്പ് ചുമത്തിയെന്നും അതേ സംഘർഷത്തിൽ അറസ്റ്റിലായ സിപിഐഎം പ്രവർത്തകന് എതിരെ ഗുരുതര വകുപ്പ് ചുമത്തിയെന്നും ആരോപിച്ചാണ് സമരം.
🗞️👉 പരിശോധന നടത്താതെ വ്യാജ ഹെൽത്ത് കാർഡ് നൽകിയ നാല് ഡോക്ടേഴ്സിന്റെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു. 21 ദിവസത്തേക്കാണ് സസ്പെൻഷൻ. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പരിശോധന നടത്താതെ ഹെൽത്ത് കാർഡ് നൽകിയതെന്ന് കണ്ടെത്തിയത്. ആറ് ഡോക്ടർമാർക്കെതിരെയാണ് നടപടി സ്വകരിച്ചത്. രണ്ട് പേരുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്.
🗞️👉 എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ പറഞ്ഞ് മന്ത്രി എം ബി രാജേഷ്. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് തയ്യാറെടുപ്പുകൾ തുടങ്ങി. രാഷ്ട്രീയമായും സംഘടനാപരമായും സജ്ജമാകാനുള്ള പ്രവർത്തനം നേരത്തെ തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. എൽഡിഎഫിന്റെ പ്രചാരണ ജാഥകൾ തീരുമാനിച്ചു. സർക്കാർ ബദൽ നയങ്ങൾ ചർച്ച ചെയ്യും. കേരളത്തിന്റെ ജിഡിപി 10 വർഷത്തിനിടെ രണ്ടിരട്ടി വർധിച്ചു. സംസ്ഥാനത്ത് ആരോഗ്യരംഗം തകർന്നെന്ന വാദം വസ്തുതാപരമല്ല. കിഫ്‌ബി വഴി സർക്കാർ സ്‌കൂളുകളുടെ മുഖച്ഛായ മാറിയെന്നും മന്ത്രി വ്യക്തമാക്കി.
🗞️👉 ശബരിമല സ്വർണ്ണകൊള്ളയിൽ 2025 ൽ ദ്വാരപാലകശില്പം സ്വർണ്ണ പൂശാൻ കൊണ്ടുപോയത്തിലെ അന്വേഷണത്തിലേക്ക് കടന്ന് SIT. 2025 ൽ സ്വർണ്ണംപൂശലുമായി ബന്ധപ്പെട്ട് നടന്ന എല്ലാ സാമ്പത്തിക ഇടപാടും പരിശോധിക്കുമെന്ന് SIT അറിയിച്ചു . പി എസ് പ്രാശാന്തിന്റെ സമയത്ത് സ്വർണ്ണം പൂശാൻ കൊണ്ടുപോയത്തിലെ സാമ്പത്തിക ഇടപാടുകളിലാണ് പരിശോധന നടക്കുക.












