ചേർപ്പുങ്കൽ: കലയുടെ വിസ്മയ കാഴ്ചകളുമായി ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവം ‘കലയോളം 2025’ ന് ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻ്ററി സ്കൂളിൽ തുടക്കമായി. ഇനി നാല് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഈ കലാമാമാങ്കത്തിൽ 58 വിദ്യാലയങ്ങളിൽ നിന്നുള്ള 2000-ത്തോളം കുട്ടികൾ വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കും.
എ.ഇ.ഒ. ശ്രീജ പി. ഗോപാൽ കലോത്സവം ഉദ്ഘാടനം ചെയ്തു. ആസ്വാദനമാണ് കലയുടെ പരമമായ ലക്ഷ്യമെന്ന് അവർ ഓർമ്മിപ്പിച്ചു.
ഉദ്ഘാടന സമ്മേളനം
സ്കൂൾ മാനേജർ വെരി. റവ. ഫാ. മാത്യൂ തെക്കേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുട്ടികളുടെ ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന കലാപരമായ കഴിവുകളെ മാറ്റുരച്ച് ഉപരി മത്സരത്തിന് സജ്ജമാക്കുന്ന വേദിയാണിതെന്ന് അദ്ദേഹം പറഞ്ഞു.
- ആശംസകൾ അർപ്പിച്ച് സംസാരിച്ച ഹെഡ്മാസ്റ്റർ ജോജി അബ്രാഹം, ആത്യന്തികമായി മനുഷ്യനന്മയാണ് കലയുടെയും സാഹിത്യത്തിൻ്റെയും ലക്ഷ്യമെന്ന് ഉദ്ബോധിപ്പിച്ചു.
- പ്രിൻസിപ്പാൾ ജെയ്‌സൺ ജേക്കബ് സ്വാഗതവും എച്ച്.എം. ഫോറം സെക്രട്ടറി ബിജോ ജോസഫ് കൃതജ്ഞതയും പറഞ്ഞു.
- സംഘടനാ പ്രതിനിധി അനീഷ് നാരായണൻ ആശംസകൾ നേർന്നു.
പരിപാടിയോടനുബന്ധിച്ച് സ്കൗട്ട് ഗൈഡ് കുട്ടികൾ ഗാർഡ് ഓഫ് ഓണർ നൽകി. ജൂനിയർ റെഡ്ക്രോസ് കുട്ടികളാണ് കലോത്സവ വേദിയിൽ ഗ്രീൻ പ്രോട്ടോക്കോളിന് നേതൃത്വം നൽകുന്നത്.












