ആംഗ്ലോ-സാക്സൺ വംശജരുടെ അവസാനത്തെ ഭരണാധികാരിയും, രക്തസാക്ഷിയായ എഡ്വേർഡ് രാജാവിന്റെ പേരക്കുട്ടിയുമാണ് വിശുദ്ധ എഡ്വേർഡ്. തന്റെ ചെറുപ്പകാലം നോർമൻ നേതാവായ അമ്മാവനൊപ്പം ഒളിവിൽ പാപപങ്കിലമായ ചുറ്റുപാടിലാണ് അദ്ദേഹം കഴിച്ചുകൂട്ടിയത്. എന്നാൽ, പ്രതികൂല സാഹചര്യങ്ങളിലും വിശുദ്ധി കൈവിടാതെ കാത്തുസൂക്ഷിക്കാൻ എഡ്വേർഡിന് സാധിച്ചു.
1042-ൽ അദ്ദേഹം ഇംഗ്ലണ്ടിലെ സിംഹാസനത്തിൽ അവരോധിതനായി. രാജഭരണം ഏറ്റെടുത്തയുടൻ ദൈവകൃപയാൽ ക്രിസ്തീയ തത്വ സംഹിതകൾക്ക് അടിസ്ഥാനത്തിലുള്ള ഒരു ഭരണക്രമം അദ്ദേഹം രാജ്യത്ത് സ്ഥാപിച്ചു.
ജനങ്ങളുടെ ഇടയിൽ ക്രിസ്തീയ വിശ്വാസം പുനരുജ്ജീവിപ്പിക്കുന്നതിനായിരുന്നു അദ്ദേഹത്തിന്റെ ആദ്യശ്രമം. ഇതിന്റെ ഭാഗമായി രാജ്യത്ത് ധാരാളം പള്ളികൾ പണിയുകയും, നിരവധി സന്യസ്തരെയും പുരോഹിതരെയും രാജ്യത്തേക്ക് ക്ഷണിക്കുകയും ചെയ്തു. മറ്റുള്ളവരുടെ നിർബന്ധത്തിന് വഴങ്ങി വിവാഹം കഴിക്കേണ്ടി വന്നെങ്കിലും, തന്റെ വിശുദ്ധി വിവാഹ ജീവിതത്തിലുടനീളം അദ്ദേഹം കാത്തുസൂക്ഷിച്ചു.
സുവിശേഷകനായ വിശുദ്ധ ജോണായിരുന്നു എഡ്വേർഡിന്റെ ഏറ്റവും പ്രിയപ്പെട്ട വിശുദ്ധൻ. തന്റെ അടുത്ത് സഹായത്തിനായി വരുന്ന ഒരാളെയും അദ്ദേഹം ഒരിക്കലും നിരാശരാക്കിയിരുന്നില്ല.
ഒരു ദിവസം, എഡ്വേർഡിന്റെ പ്രിയപ്പെട്ട അനുയായി ഒരു ഭിക്ഷക്കാരന്റെ രൂപത്തിൽ സഹായത്തിനായി എത്തി. ഈ സമയം രാജാവിന്റെ പക്കൽ പണമൊന്നും ഇല്ലാതിരുന്നതിനാൽ, അദ്ദേഹം തന്റെ കൈവിരലിലെ മോതിരം ഊരി ഭിക്ഷയായി നൽകി.
കുറച്ചു ദിവസങ്ങൾക്കു ശേഷം, വിശുദ്ധ ജോൺ പ്രത്യക്ഷപ്പെടുകയും ആ മോതിരം രാജാവിന് തിരികെ നൽകുകയും ചെയ്തു. അതോടൊപ്പം, തന്റെ മരണം അടുത്തതായി വിശുദ്ധ ജോൺ എഡ്വേർഡിനെ അറിയിച്ചു.
ഉടൻ തന്നെ അദ്ദേഹം തനിക്കുവേണ്ടി പ്രാർത്ഥിക്കുവാൻ ജനങ്ങളോട് ആവശ്യപ്പെട്ടു. അങ്ങനെ, മുൻകൂട്ടി പ്രവചിക്കപ്പെട്ട ദിവസമായ 1066 ജനുവരി 5-ന് വിശുദ്ധൻ കർത്താവിൽ അന്ത്യനിദ്ര പ്രാപിച്ചു.












