തിരുവനന്തപുരം: ശക്തമായ മഴയിൽ തലസ്ഥാന നഗരിയിൽ വെള്ളക്കെട്ട് രൂക്ഷമായി. തമ്പാനൂരിലും വഞ്ചിയൂരിലും ഉണ്ടായ വെള്ളക്കെട്ടിനെ തുടർന്ന് നഗരത്തിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. നിർത്തിയിട്ട വാഹനങ്ങൾ ഭാഗികമായി വെള്ളത്തിൽ മുങ്ങിയതോടെ വാഹനങ്ങൾ
വഴിതിരിച്ചു വിടുകയാണ്. വഞ്ചിയൂർ കോടതിക്ക് മുൻവശത്തെ റോഡും വെള്ളത്തിൽ മുങ്ങി. തമ്പാനൂർ, കിഴക്കേക്കോട്ട എന്നിവിടങ്ങളിൽ അര മണിക്കൂറിനുള്ളിൽ 68 mm മഴയാണ് പെയ്തത്.
കോർപ്പറേഷനെതിരെ രൂക്ഷ വിമർശനം മഴക്കാലപൂർവ ശുചീകരണത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ പൂർണപരാജയമാണെന്ന വിമർശനം ഉയർന്നു. സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം തിരുവനന്തപുരം കോർപ്പറേഷനാണെന്ന് മുൻ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് (PWD), കോർപ്പറേഷൻ, ദേശീയപാത വിഭാഗം ഉൾപ്പെടെയുള്ള വകുപ്പുകളുടെ ഓടകൾ നഗരത്തിലുണ്ടെന്നും അവ വൃത്തിയാക്കി വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഒരുക്കേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ മഴ പെയ്താൽ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ തടയാൻ കോർപ്പറേഷന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നും വി. ശിവൻകുട്ടി ആരോപിച്ചു.
















