എലിക്കുളം: സംസ്ഥാന കൃഷിവകുപ്പിന്റെ ‘കതിര്’ പദ്ധതി പ്രകാരം പച്ചക്കറി തോട്ട നിർമ്മാണം, കൃഷി അനുബന്ധ പ്രവൃത്തികളുടെ നടത്തിപ്പ് എന്നിവ നടക്കുന്ന മല്ലികശ്ശേരി സെന്റ് ഡൊമിനിക് സാവിയോ യു.പി സ്കൂളിന് ഹരിത സമ്മാനങ്ങൾ നൽകി ആനക്കല്ല് ഫാർമേഴ്സ് സൊസൈറ്റി. മൂന്നാം വാർഷികാചരണത്തിന്റെ ഭാഗമായാണ് സൊസൈറ്റി പ്രവർത്തകർ സ്കൂളിലെ കുട്ടിക്കർഷകർക്കായി കാർഷിക സമ്മാനങ്ങൾ കൈമാറിയത്.
പച്ചക്കറിത്തൈകൾ, വിത്തുകൾ, ജൈവ വളം, ഇതര കാർഷിക ഉപകരണങ്ങൾ, ടിഷ്യൂ കൾച്ചർ വാഴവിത്തുകൾ എന്നിവ അടങ്ങുന്ന കിറ്റാണ് സ്കൂളിന് സമ്മാനിച്ചത്. സൊസൈറ്റി രക്ഷാധികാരി ജോളി മടുക്കക്കുഴി, ഭാരവാഹികളായ ജോമോൻ പടിഞ്ഞാറെമുറി, ജോസ് ജോർജ് എന്നിവർ ചേർന്ന് സമ്മാന കിറ്റ് കൈമാറി.
സ്കൂൾ മാനേജർ റവ. ഫാദർ ജോസ് വടക്കേക്കൂറ്റ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട്, ഗ്രാമപഞ്ചായത്ത് മെമ്പർ ജിമ്മി ജോസ് കുഴിപ്പാലത്തറപ്പേൽ, എലിക്കുളം അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്സ് റോയ്, സ്കൂൾ ഹെഡ്മിസ്ട്രസ് സി. നവീന സി.എം.സി, സി. ആൻ കാതറിൻ, ഫിലിപ്പ് തോമസ്, ഫെമി മരിയ ജോജോ, സൂര്യ ജനാർദ്ദനൻ, ടീന ടി. ജയിംസ്, സ്കൂൾ ലീഡർ കുര്യൻ ജോസഫ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
















