പാലാ: പാലാ ടൗൺ കുരിശുപള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാൾ ഡിസംബർ ഒന്ന് മുതൽ ഒൻപത് വരെ ആഘോഷിക്കും. പാലാ കത്തീഡ്രൽ, ളാലം പഴയപള്ളി, ളാലം പുത്തൻപള്ളി എന്നീ ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് തിരുനാൾ ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.
ഡിസംബർ ഒന്നിന് വൈകുന്നേരം 5.15-ന് ളാലം പഴയപള്ളിയിൽ നിന്ന് തിരുനാൾ പതാകയുമായി അമലോത്ഭവ കുരിശുപള്ളിയിലേക്ക് നടത്തുന്ന പ്രദക്ഷിണത്തിന് ശേഷം കൊടിയേറ്റത്തോടെ ജൂബിലി തിരുനാളിന് തുടക്കമാകും. ജൂബിലി ആഘോഷക്കമ്മിറ്റി പ്രസിഡന്റും കത്തീഡ്രൽ വികാരിയുമായ ഫാ. ജോസഫ് മലേപ്പറമ്പിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും. തുടർന്ന് അമലോത്ഭവ മാതാ ജൂബിലി നഗറിൽ സാംസ്കാരിക ആഘോഷങ്ങളുടെ ഉദ്ഘാടനം നടക്കും.
ഡിസംബർ രണ്ട് മുതൽ എല്ലാ ദിവസവും പുലർച്ചെ 5.30-നും വൈകുന്നേരം 5.30-നും ജൂബിലി കപ്പേളയിൽ ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം, ലദീഞ്ഞ് എന്നിവ ഉണ്ടായിരിക്കും.
















