ദില്ലി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ്വാദി പാർട്ടിയും (SP) കോൺഗ്രസും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ സങ്കീർണ്ണമാകുന്നു. ആകെ 181 സീറ്റുകളാണ് കോൺഗ്രസ് ആവശ്യപ്പെടുന്നതെങ്കിലും, ആദ്യഘട്ടത്തിൽ 24 സീറ്റുകൾ മാത്രം നൽകിയാൽ മതിയെന്ന നിലപാടിലാണ് സമാജ്വാദി പാർട്ടി. വിജയസാധ്യതയാണ് സീറ്റ് വിഭജനത്തിലെ പ്രധാന മാനദണ്ഡമെന്ന നിലപാടിൽ എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് ഉറച്ചുനിൽക്കുകയാണ്. കോൺഗ്രസ് ഉന്നയിക്കുന്ന ഉയർന്ന സീറ്റ് ആവശ്യം എസ്പി അംഗീകരിക്കാൻ സാധ്യത കുറവാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
അതേസമയം, ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനായുള്ള തങ്ങളുടെ റോഡ്മാപ്പ് ബി.ജെ.പി തയ്യാറാക്കിക്കഴിഞ്ഞു. മഥുര കൃഷ്ണ ജന്മഭൂമി വിഷയമടക്കം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി ഉന്നയിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി അഞ്ച് സംസ്ഥാനങ്ങളിലേക്ക് സ്ക്രീനിംഗ് കമ്മിറ്റികൾ രൂപീകരിച്ച് കോൺഗ്രസ് നേതൃത്വവും തയ്യാറെടുപ്പുകൾ ആരംഭിച്ചു. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള സമിതികളെയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചത്. കേരളത്തിൽ നിന്നുള്ള എം.പിമാരായ ഷാഫി പറമ്പിലും ഹൈബി ഈഡനും വിവിധ സംസ്ഥാനങ്ങളിലെ സ്ക്രീനിംഗ് കമ്മിറ്റികളിൽ അംഗങ്ങളായി ഇടംപിടിച്ചിട്ടുണ്ട്. ഒരു ചെയർപേഴ്സണും രണ്ട് അംഗങ്ങളും അടങ്ങുന്ന സമിതികൾക്കാണ് സ്ഥാനാർത്ഥി നിർണ്ണയ നടപടികളുടെ മേൽനോട്ട ചുമതല.
















