ലഖ്‌നൗ: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ (SIR) 1.27 കോടി ഹിന്ദു വോട്ടർമാരെ ഒഴിവാക്കിയെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നവദീപ് റിൻവ രംഗത്തെത്തി. വോട്ടർമാരുടെ ജാതിയോ മതമോ അടിസ്ഥാനമാക്കിയുള്ള ഒരു രേഖയും തിരഞ്ഞെടുപ്പ് കമ്മീഷൻ സൂക്ഷിക്കാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിവാദങ്ങൾക്കിടെ യു.പിയിൽ പുതിയ കരട് വോട്ടർ പട്ടികയും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു.
ഏപ്രിൽ പത്തിന് പ്രസിദ്ധീകരിച്ച ആദ്യ കരട് പട്ടികയേക്കാൾ 18.84 ലക്ഷം പേരെ കൂടി ഉൾപ്പെടുത്തിയാണ് പുതിയ പട്ടിക പുറത്തിറക്കിയത്. ഇതിൽ 7.87 ലക്ഷം പുരുഷന്മാരും 10.97 ലക്ഷം സ്ത്രീകളും അധികമായി ഉൾപ്പെട്ടിട്ടുണ്ട്. ഇതോടെ നിലവിൽ 13.58 കോടി വോട്ടർമാരാണ് കരട് പട്ടികയിലുള്ളതെന്നും, എങ്കിലും 2.58 കോടി പേർ ഇപ്പോഴും പട്ടികയ്ക്ക് പുറത്താണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിലുണ്ടായിരുന്ന 1.27 കോടി ഹിന്ദുക്കൾ പരിഷ്കരിച്ച പട്ടികയിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യോഗി ആദിത്യനാഥ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് നിവേദനം നൽകിയത്. എസ്.ഐ.ആർ സംബന്ധിച്ച് ബി.ജെ.പി ദേശീയ തലത്തിൽ സ്വീകരിച്ചിരിക്കുന്ന നിലപാടിന് വിരുദ്ധമാണ് യോഗിയുടെ ഈ ആരോപണം. അതേസമയം, യു.പിയിൽ വോട്ടർമാരെ ഒഴിവാക്കിയെങ്കിൽ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യത്തെ യോഗി ആദിത്യനാഥ് എന്തുകൊണ്ട് പിന്തുണയ്ക്കുന്നില്ലെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ചോദിച്ചു.
വോട്ടറുടെ പേര്, പിതാവിന്റെയോ പങ്കാളിയുടെയോ പേര്, പ്രായം, വീട്ടുനമ്പർ, ലിംഗഭേദം തുടങ്ങിയ വിവരങ്ങൾ മാത്രമാണ് കമ്മീഷന്റെ ഡാറ്റാബേസിലുള്ളതെന്ന് നവദീപ് റിൻവ വിശദീകരിച്ചു. പൊതുരേഖകളായ വോട്ടർ പട്ടികയിലെ പേരുകൾ അടിസ്ഥാനമാക്കി മാധ്യമങ്ങളും സ്വതന്ത്ര വിശകലന വിദഗ്ധരും നടത്തുന്ന വിലയിരുത്തലുകൾ കമ്മീഷന്റെ ഔദ്യോഗിക കണക്കുകളായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ കരട് പട്ടികയിൽ പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാൻ ഡിസംബർ 16 വരെ സമയമുണ്ട്. ഡിസംബർ 28-നകം പരാതികൾ തീർപ്പാക്കിയ ശേഷം 2027 ജനുവരി 4-ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
















