തൃശൂർ / തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് യു.ഡി.എഫിലും മന്ത്രിസഭയിലും തർക്കം രൂക്ഷമാകുന്നു. മന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന് പ്രതിസന്ധി ഉടലെടുത്ത സാഹചര്യത്തിൽ, മന്ത്രിസഭാ യോഗത്തിന് മുമ്പ് സമവായത്തിലെത്താൻ തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. പട്ടികയിലെ പേരുകൾ മാറ്റാനാകില്ലെന്ന് ദേവസ്വം വകുപ്പ് വ്യക്തമാക്കുമ്പോൾ, മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്നാണ് മന്ത്രിമാരുടെ പരാതി.
ദേവസ്വം മന്ത്രിയുടെ ഓഫീസിൽ നിന്നാണ് പട്ടിക തയ്യാറാക്കിയതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. മുഖ്യമന്ത്രി വി.ഡി. സതീശനെ പിന്തുണച്ചുകൊണ്ട് ദേവസ്വം മന്ത്രി കെ. മുരളീധരനും രംഗത്തെത്തി. തന്നോട് ആലോചിച്ചാണ് തീരുമാനമെടുത്തതെന്ന് കെ. മുരളീധരൻ വ്യക്തമാക്കി. എന്നാൽ, മതിയായ കൂടിയാലോചനകളില്ലാതെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പേരുകൾ തീരുമാനിക്കുന്നതെന്നാണ് മറ്റ് മന്ത്രിമാരുടെ ആക്ഷേപം. മന്ത്രിസഭാ യോഗത്തിൽ ഈ വിഷയം ഔദ്യോഗികമായി വരാൻ സാധ്യത കുറവാണ്.
ബോർഡിൽ ജനറൽ വിഭാഗത്തിൽ രണ്ടും ജീവനക്കാരുടെ പ്രതിനിധിയായി ഒരാളുടെയും ഒഴിവുകളാണ് നിലവിലുള്ളത്. കോൺഗ്രസ് നേതാക്കളായ സി.വി. ബാലചന്ദ്രൻ, ശിവൻ പാലിയത്ത് എന്നിവരെ ജനറൽ വിഭാഗത്തിലും, പി. അഭിലാഷിനെ ജീവനക്കാരുടെ പ്രതിനിധിയായുമാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം.
ഗുരുവായൂർ ദേവസ്വം ബോർഡ് നിയമപ്രകാരം മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങളാണ് ബോർഡ് അംഗങ്ങളെ നിശ്ചയിക്കേണ്ടത്. മുഖ്യമന്ത്രിയടക്കം ഒമ്പത് ഹിന്ദു മന്ത്രിമാരാണ് നിലവിലെ മന്ത്രിസഭയിലുള്ളത്. എന്നാൽ ഇതുസംബന്ധിച്ച ഫയലിൽ പട്ടികവിഭാഗ ക്ഷേമ മന്ത്രി കെ.എ. തുളസി മാത്രമാണ് ഇതുവരെ ഒപ്പിട്ടിരിക്കുന്നത്. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിയമിതനായ എ.വി. ഗോപിനാഥാണ് ഗുരുവായൂർ ദേവസ്വം ബോർഡിന്റെ നിലവിലെ ചെയർമാൻ; ഇദ്ദേഹത്തിന് ഒരു വർഷത്തിലേറെ കാലാവധി ബാക്കിയുണ്ട്.
















