ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനോട് 48 ചോദ്യങ്ങൾ ഉന്നയിക്കാൻ അനുമതി തേടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ത്യാ സഖ്യ നേതാക്കളും സുപ്രീം കോടതിയെ സമീപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നൽകിയ സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയിൽ ഉപഹർജി നൽകിയിരിക്കുന്നത്. ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങൾക്ക് കമ്മീഷൻ സത്യവാങ്മൂലത്തിലൂടെ വ്യക്തമായ മറുപടി നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
തിരഞ്ഞെടുപ്പ് നടപടികളിലെ വിവിധ സംശയങ്ങളിൽ കമ്മീഷനിൽ നിന്ന് വ്യക്തത തേടുകയാണ് രാഹുൽ ഗാന്ധിയും ഇന്ത്യാ സഖ്യവും. തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി (SIR) ബന്ധപ്പെട്ട് ഇന്ത്യാ സഖ്യം നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
പ്രത്യേക വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടായി എടുത്തതാണോ എന്നതാണ് ഹർജിയിലെ പ്രധാന ചോദ്യം. ഇതിന് പുറമെ ഫോം 6-ലെ മാറ്റങ്ങൾ, ‘ഇറോനെറ്റ്’ (ERONET), ‘ഇസിഐനെറ്റ്’ (ECINET) എന്നീ ഡിജിറ്റൽ സംവിധാനങ്ങളിലെ നിയന്ത്രണം എന്നിവ സംബന്ധിച്ചും വിശദീകരണം നൽകണമെന്ന് ഇന്ത്യാ സഖ്യത്തിന്റെ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.















