പാലാ: ലോക പ്രമേഹ ദിനാചരണത്തോടനുബന്ധിച്ച് ഭരണങ്ങാനം മേരിഗിരി ഐ.എച്ച്.എം ഹോസ്പിറ്റൽ, റോട്ടറി ക്ലബ് ഓഫ് പാലാ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) പാലാ ബ്രാഞ്ച് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ പ്രമേഹ നിർണയ ക്യാമ്പും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.
ശനിയാഴ്ച രാവിലെ ഒൻപത് മണിക്ക് നടന്ന ചടങ്ങ് പാലാ മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ മായാ രാഹുൽ ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ മിനി തോമസ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ ജോസ്ബിൻ മാത്യു സ്വാഗതവും ഹോസ്പിറ്റൽ പി.ആർ.ഒ അൽവിൻ ഷാജി നന്ദിയും പറഞ്ഞു. റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. തോമസ് വാവാനിക്കുന്നേൽ, ഐ.എം.എ പ്രസിഡന്റ് ഡോ. ടിജിസ് മാത്യു, റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. ബോബി തോമസ് കോക്കാട്ട്, ഐ.എം.എ പാലാ സെക്രട്ടറി ഡോ. പോൾ ബാബു, റോട്ടറി സർവീസ് പ്രോജക്ട് ചെയർമാൻ ഡോ. ജി. ഹരീഷ്‌കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.
തുടർന്ന് ഐ.എച്ച്.എം ഹോസ്പിറ്റൽ സീനിയർ ഫിസിഷ്യൻ ഡോ. ജി. ഹരീഷ്‌കുമാർ പ്രമേഹ പ്രതിരോധം, നിയന്ത്രണം, ദീർഘകാല സങ്കീർണതകൾ എന്നിവയെക്കുറിച്ച് ബോധവൽക്കരണ സെമിനാർ നയിച്ചു. ക്യാമ്പിൽ പങ്കെടുത്ത 200-ലധികം പേർക്ക് ഡോ. ജി. ഹരീഷ്‌കുമാറിന്റെ നേതൃത്വത്തിൽ രക്തത്തിലെ പഞ്ചസാര, എച്ച്.ബി.എ1സി (HbA1c), ലിപിഡ് പ്രൊഫൈൽ, മൂത്രത്തിലെ മൈക്രോ ആൽബുമിൻ, പാദങ്ങളിലെ ന്യൂറോപ്പതി, യൂറിക് ആസിഡ്, ടി.എസ്.എച്ച് (TSH), ശരീരഭാരവും കൊഴുപ്പിന്റെ അളവും തുടങ്ങിയ പരിശോധനകൾ സൗജന്യമായി നടത്തി. ആവശ്യമായവർക്ക് സൗജന്യ മരുന്നുകളും വിതരണം ചെയ്തു.
ആരോഗ്യകരമായ ഭക്ഷണശീലങ്ങളും പ്രമേഹരോഗികൾ പാലിക്കേണ്ട ഭക്ഷണക്രമങ്ങളും പരിചയപ്പെടുത്തുന്നതിനായി ഡയറ്റിഷ്യൻ ക്രിസ്റ്റി കുര്യന്റെ നേതൃത്വത്തിൽ പ്രത്യേക ഭക്ഷണപ്രദർശനവും വ്യക്തിഗത കൗൺസിലിംഗ് സൗകര്യവും ഒരുക്കിയിരുന്നു.















