മസ്കറ്റ്: അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കലാശപ്പോരാട്ടത്തിൽ അവസാന പന്ത് വരെ നീണ്ട ആവേശത്തിനൊടുവിൽ പാകിസ്ഥാനെ ഒരു വിക്കറ്റിന് തകർത്ത് ഇന്ത്യക്ക് കിരീടം. പാകിസ്ഥാൻ ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ അവസാന പന്ത് ബൗണ്ടറി കടത്തിയാണ് അവിസ്മരണീയ വിജയം സ്വന്തമാക്കിയത്. ഇന്ത്യയുടെ ഒൻപതാം അണ്ടർ 19 ഏഷ്യാ കപ്പ് കിരീടമാണിത്. കഴിഞ്ഞ ഏഷ്യാ കപ്പ് ഫൈനലിലെ തോൽവിക്കുള്ള മധുരപ്രതികാരം കൂടിയായി ഈ ജയം.
ഒരു വിക്കറ്റ് മാത്രം കൈയിലിരിക്കെ അവസാന ഓവറിൽ 8 റൺസായിരുന്നു ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ലെഗ് സ്പിന്നർ അഹമ്മദ് ഹസൈൻ എറിഞ്ഞ ആദ്യ അഞ്ച് പന്തുകളിൽ 5 റൺസ് മാത്രം പിറന്നതോടെ അവസാന പന്തിൽ ലക്ഷ്യം മൂന്ന് റൺസായി. പത്താമനായി ക്രീസിലെത്തി 26 പന്തിൽ 5 ഫോറും മൂന്ന് സിക്സും പറത്തിയ മോഹിത് ഉൽവ അവസാന പന്ത് ബൗണ്ടറി കടത്തി ഇന്ത്യക്ക് കിരീടം സമ്മാനിച്ചു.
നേരത്തെ ഓപ്പണിംഗ് വിക്കറ്റിൽ 95 റൺസ് കൂട്ടിച്ചേർത്ത ക്യാപ്റ്റൻ ലക്ഷ്യ രാജേഷും (80), ആര്യവീർ സെവാഗും (58) ഇന്ത്യക്ക് മികച്ച തുടക്കം നൽകിയെങ്കിലും മധ്യ ഓവറുകളിൽ വിക്കറ്റുകൾ വീണതോടെ ഇന്ത്യ 42-ാം ഓവറിൽ 252-8 എന്ന നിലയിലേക്ക് തകർന്നിരുന്നു. എന്നാൽ ഒമ്പതാം വിക്കറ്റിൽ മണാൽ ചൗഹാനൊപ്പം (32 പന്തിൽ 47) 57 റൺസ് കൂട്ടിച്ചേർത്ത മോഹിത് ഉൽവ, അവസാന ബാറ്ററായ ചിഗുരിപതി വെങ്കടിനൊപ്പം (8 പന്തിൽ 11*) 16 പന്തിൽ 30 റൺസ് കൂടി അടിച്ചെടുത്ത് ഇന്ത്യയെ വിജയതീരത്തെത്തിച്ചു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഉസ്മാൻ ഖാന്റെ സെഞ്ചുറിയുടെയും (107), അബ്ദുൾ ഖാദിർ (80), ക്യാപ്റ്റൻ ഫർഹാൻ യൂസഫ് (63) എന്നിവരുടെ അർധസെഞ്ചുറികളുടെയും കരുത്തിൽ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 337 റൺസെടുത്തു. ഇന്ത്യക്കായി കാവ് പട്ടേൽ നാലും ചിഗുരിപതി വെങ്കട മൂന്നും വിക്കറ്റുകൾ വീഴ്ത്തി. സ്കോർ: പാകിസ്ഥാൻ 337-9 (50), ഇന്ത്യ 339-9 (50).















