തിരുവനന്തപുരം: ബോർഡ്-കോർപ്പറേഷൻ വിഭജന ചർച്ചകളിൽ പങ്കെടുപ്പിക്കാത്തതിൽ കോൺഗ്രസിലെ എ ഗ്രൂപ്പിന് കടുത്ത അതൃപ്തി. അവഗണനയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനെയും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനെയും നേതാക്കൾ അതൃപ്തി അറിയിച്ചു. വിഷയം കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അടക്കമുള്ള കേന്ദ്ര നേതൃത്വത്തെ അറിയിക്കാനാണ് എ ഗ്രൂപ്പിന്റെ തീരുമാനം.
ബോർഡ്-കോർപ്പറേഷൻ വിഭജനവുമായി ബന്ധപ്പെട്ട് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരാണ് ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയത്. ഇതിലേക്ക് എ ഗ്രൂപ്പിൽ നിന്ന് ആരെയും വിളിച്ചില്ലെന്നാണ് പ്രധാന പരാതി. ബോർഡ് വിഭജനത്തിൽ കോൺഗ്രസിന് എത്ര സ്ഥാനമാനങ്ങൾ ലഭിക്കുമെന്നോ, ആരെയൊക്കെ നിയമിക്കുമെന്നോ, എന്താണ് മാനദണ്ഡമെന്നോ അറിയിക്കുന്നില്ലെന്നും നേതാക്കൾ ആക്ഷേപിക്കുന്നു.
തുടർച്ചയായ അവഗണനയിൽ സഹികെട്ടെന്നും മുതിർന്ന നേതാക്കളായ എം.എം. ഹസൻ, കെ.സി. ജോസഫ്, ബെന്നി ബെഹനാൻ, ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ് തുടങ്ങിയവർ കൂടിയാലോചിച്ച ശേഷം അടുത്ത നീക്കം തീരുമാനിക്കുമെന്നും ഗ്രൂപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയെയും നേരിട്ട് അതൃപ്തി അറിയിക്കും.















