ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വരാനിരിക്കുന്ന അമേരിക്കൻ പര്യടനത്തിന്റെ അജണ്ട വ്യക്തമാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ഈ മാസം 16 മുതൽ 19 വരെ നിശ്ചയിച്ചിട്ടുള്ള രാഹുൽ ഗാന്ധിയുടെ അമേരിക്കൻ യാത്രയെക്കുറിച്ചാണ് ബി.ജെ.പി ദേശീയ വക്താവ് സുധാംശു ത്രിവേദി എം.പി ചോദ്യങ്ങൾ ഉന്നയിച്ചത്.
വിദ്യാർത്ഥി നേതാക്കളെ കാണാനാണോ അതോ ഇന്ത്യ വിരുദ്ധ ശക്തികളുമായി കൂടിക്കാഴ്ച നടത്താനാണോ രാഹുൽ ഗാന്ധി വിദേശത്തേക്ക് പോകുന്നതെന്ന് വ്യക്തമാക്കണമെന്ന് സുധാംശു ത്രിവേദി ആവശ്യപ്പെട്ടു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുന്ന നിർണ്ണായക സമയത്ത് പ്രചാരണത്തിനിറങ്ങാതെ രാഹുൽ ഗാന്ധി വിദേശയാത്ര നടത്തുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, കൊളംബിയ സർവ്വകലാശാലയിലും ചിക്കാഗോയിലും നടക്കുന്ന സംവാദ പരിപാടികളിൽ പങ്കെടുക്കാനാണ് രാഹുൽ ഗാന്ധി അമേരിക്കയിലേക്ക് പോകുന്നതെന്നാണ് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വ്യക്തമാക്കിയിട്ടുള്ളത്.















