ഇറാനെതിരായ യുദ്ധം ഉടൻ അവസാനിക്കുമെന്നും അതോടെ ലോകം കൂടുതൽ സമാധാനപരവും സുരക്ഷിതവുമാകുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെറ്ററൻസ് ഡേ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഷിങ്ടണിന് പുറത്തുള്ള ആർലിങ്ടൺ ദേശീയ സെമിത്തേരിയിലായിരുന്നു ചടങ്ങ്. അമേരിക്കൻ സൈനികരുടെ ധൈര്യവും വൈദഗ്ധ്യവും അവിശ്വസനീയമാണെന്നും ട്രംപ് പറഞ്ഞു. സൈനികരുടെ ശവകുടീരങ്ങളിൽ അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു.
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തിയ ആക്രമണത്തോടെയാണ് യുദ്ധം തുടങ്ങിയത്. ഇതുവരെ 23 യുഎസ് സൈനികർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് പെന്റഗണിന്റെ കണക്ക്.
അതേസമയം, യുഎസ് സൈനിക താവളങ്ങൾക്കെതിരെ മിസൈൽ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഇറാൻ സുരക്ഷാ മേധാവി മോഹ്സെൻ റെസായി രംഗത്തെത്തി. പലയിടങ്ങളിലും സംഘർഷം തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ.















