ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത്, ഐ.സി.ഡി.എസ് പ്രോജക്ട് ഏറ്റുമാനൂർ, സർഗ്ഗക്ഷേത്ര 89.6 എഫ്.എം എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി പാർട്ടിസിപ്പേഷൻ പ്രോഗ്രാമായ “ലേലു സീസൺ-1: കളയരുത് കളിപ്പാട്ടം” പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഏറ്റുമാനൂർ എംഎൽഎ നാട്ടകം സുരേഷ് കളിപ്പാട്ട വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ സർഗാത്മക കഴിവുകളും മാനസികവും ശാരീരികവുമായ വളർച്ചയും ലക്ഷ്യമിട്ട്, കളിയിലൂടെ പഠിക്കാനും കഴിവുകൾ വികസിപ്പിക്കാനും അവസരമൊരുക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. ഏറ്റുമാനൂർ മുനിസിപ്പാലിറ്റി, അതിരമ്പുഴ, നീണ്ടൂർ ഗ്രാമപഞ്ചായത്തുകളിലെ 107 അങ്കണവാടികളിലേക്കാണ് കളിപ്പാട്ടങ്ങൾ നൽകിയത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൻ കരീമഠം അധ്യക്ഷത വഹിച്ചു. സർഗ്ഗക്ഷേത്ര 89.6 എഫ്.എം ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം വിഷയാവതരണം നടത്തി. ബ്ലോക്ക് സെക്രട്ടറി സീന വി., വൈസ് പ്രസിഡന്റ് മറിയാമ്മ ഫിലിപ്പ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, ബ്ലോക്ക് മെമ്പർമാർ, ശിശു വികസന പദ്ധതി ഓഫീസർ ഡോ. ആൻ ഡാർളി വർഗീസ് എന്നിവർ പങ്കെടുത്തു.















