കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെയും കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഫാം സ്കൂൾ സംഘടിപ്പിച്ചു. കാർഷിക ജൈവ വൈവിധ്യ സംരക്ഷണ പദ്ധതി 2026-2027ന്റെ ഭാഗമായാണ് “നാടൻ ഇനങ്ങളും ജൈവകൃഷിയും” എന്ന വിഷയത്തിൽ പരിപാടി നടന്നത്.
കാണക്കാരി ചെമ്പകശ്ശേരിയിൽ മാത്തുക്കുട്ടി ജോസഫിന്റെ പുരയിടത്തിൽ നടന്ന പരിപാടി ഇൻഫാം കോട്ടയം ജില്ലാ ഡയറക്ടർ ഫാ. ജോസഫ് തറപ്പേൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റെജി ജോസഫ് അധ്യക്ഷത വഹിച്ചു. ഡോ. സ്മിത ബേബി പദ്ധതി വിശദീകരിച്ചു. അതുല്യ എം.എം., ഡോ. സ്മിത ബേബി എന്നിവർ ക്ലാസുകൾ നയിച്ചു. ജോയ് ജോർജ്, രാജു എൻ.കെ., മുരളീധരൻ, മാത്തുക്കുട്ടി ജോസഫ് എന്നിവർ സംസാരിച്ചു.
ജില്ലയിലെ കാർഷിക ജൈവ വൈവിധ്യത്തിന്റെ നിലവിലെ അവസ്ഥ, സവിശേഷതകൾ, സംരക്ഷണ സ്ഥിതി എന്നിവ വിലയിരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിളകളുടെയും വളർത്തുമൃഗങ്ങൾ ഉൾപ്പെടെയുള്ള ജീവികളുടെയും ജനിതക വൈവിധ്യം രേഖപ്പെടുത്തുകയും കർഷകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. തിരഞ്ഞെടുത്ത 10 കർഷകരുടെ കൃഷിയിടങ്ങളിൽ ആ പ്രദേശത്തെ കർഷകർക്കായാണ് ഫാം സ്കൂളുകൾ നടത്തുന്നത്. ജൈവവൈവിധ്യത്തെക്കുറിച്ചുള്ള ആശയവും പരമ്പരാഗത ഇനങ്ങളുടെ വിത്തുകളും നടീൽ വസ്തുക്കളും പരമാവധി കർഷകരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.















