കോട്ടയം / പാലാ: പ്രകൃതിയെ പഠനത്തിന്റെ ഭാഗമാക്കി കുട്ടികൾക്ക് പുതിയൊരു അറിവുലോകം തുറന്നുനൽകുന്ന ‘ലിറ്റിൽ കിംഗ്ഡം നേച്ചർ സ്കൂളിന്റെ’ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര സംവിധായകൻ ജയരാജ് നിർവഹിച്ചു. പ്രകൃതി തന്നെയാണ് ഏറ്റവും വലിയ പാഠപുസ്തകമെന്നും അത്തരം അനുഭവങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
ലിറ്റിൽ കിംഗ്ഡം ചെയർമാൻ സജൻ ജോൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സ്നേഹ സജൻ, നേച്ചർ സ്കൂൾ ഹെഡ് സയന എന്നിവർ സംസാരിച്ചു.
മൗണ്ട് കാർമൽ സ്കൂളിൽ 36 വർഷത്തോളം അധ്യാപികയായി സേവനമനുഷ്ഠിച്ച പ്രമുഖ വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തക മേരി ജോൺ ചടങ്ങിൽ പ്രത്യേക അതിഥിയായി പങ്കെടുത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളും രക്ഷിതാക്കളും ഒരുമിച്ച് പങ്കെടുത്ത ക്വിസ് മത്സരങ്ങൾ, പ്രകൃതിവേഷ മത്സരങ്ങൾ തുടങ്ങിയവയും സംഘടിപ്പിച്ചു. പ്രകൃതിയെ അറിഞ്ഞു വളരുന്നതും പരിസ്ഥിതിയെ സ്നേഹിക്കുന്നതുമായ തലമുറയെ വാർത്തെടുക്കാൻ ലക്ഷ്യമിടുന്ന ഈ സംരംഭം വിദ്യാഭ്യാസ രംഗത്ത് വലിയൊരു വേറിട്ട ചുവടുവെപ്പായി മാറുകയാണ്.















