ഉറ്റുനോക്കിയ ഇസ്രയേൽ തെരഞ്ഞെടുപ്പിൽ 90 ശതമാനം വോട്ടുകളും എണ്ണിയപ്പോൾ ആർക്കും കേവല ഭൂരിപക്ഷമില്ല. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലികുഡ് സഖ്യം 53 സീറ്റുമായി മുന്നിലാണ്. പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റുകളുണ്ട്. 120 അംഗങ്ങളുള്ള നെസറ്റിൽ ഭരണം പിടിക്കാൻ 61 സീറ്റുകളാണ് വേണ്ടത്. ആര്‍ക്കും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ 19 സീറ്റുകളുള്ള അറബ് പാർട്ടികളുടെ നിലപാടാണ് ഇനി നിർണായകം.
നെതന്യാഹുവും അദ്ദേഹത്തിന്റെ പ്രധാന എതിരാളിയും മുൻ സൈനിക മേധാവിയുമായ ഗാഡി ഐസൻകോട്ടും വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ തന്നെ വിജയം അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. എന്നാൽ, വോട്ടെണ്ണൽ പുരോഗമിച്ചതോടെ ഇരുവിഭാഗങ്ങൾക്കും സർക്കാരുണ്ടാക്കാനുള്ള കേവലഭൂരിപക്ഷം ലഭിക്കില്ലെന്ന് വ്യക്തമായി. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് നെതന്യാഹുവിന്റെ ലികുഡ് പാർട്ടി നയിക്കുന്ന വലതുപക്ഷ മുന്നണിക്ക് 53 സീറ്റുകളാണ് ലഭിച്ചത്. ലികുഡ് പാർട്ടിക്ക് ഏറ്റവും ഒടുവിലെ വിവരമനുസരിച്ച് 27 സീറ്റുകളാണുള്ളത്.
ഐസൻകോട്ടിന്റെ ‘യാഷർ’ പാർട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം 48 സീറ്റുകൾ നേടി. അറബ് കക്ഷികളുടെ സഖ്യം റെക്കോർഡ് നേട്ടത്തോടെ 19 സീറ്റുകൾ കൈലാക്കി. നിലവിലെ സാഹചര്യത്തിൽ നെതന്യാഹുവിന് അധികാരം നിലനിർത്താൻ കഴിയുമോ എന്നതിനേക്കാൾ ഉപരി, രാജ്യത്ത് ഒരു സർക്കാർ രൂപീകരിക്കാൻ സാധിക്കുമോ അതോ ജനങ്ങൾ വീണ്ടും ഒരു തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുമോ എന്ന ചോദ്യമാണ് ഉയർന്നുവരുന്നത്.















