സ്പൈനൽ മസ്കുലർ അട്രോഫി (SMA) മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി തിരുവനന്തപുരം എസ്.എ.ടി (SAT) ആശുപത്രി അധികൃതർ. കുറഞ്ഞ ചെലവിൽ മരുന്ന് ലഭ്യമാക്കാനുള്ള ശ്രമങ്ങളെ ഇല്ലാതാക്കരുതെന്നും തെറ്റായ പ്രചാരണങ്ങൾ നടത്തി രോഗികളെയും കുടുംബങ്ങളെയും ആശങ്കയിലാക്കരുതെന്നും ആശുപത്രി മാനേജ്മെന്റ് അഭ്യർത്ഥിച്ചു.
ആശുപത്രിയുടെ പ്രവർത്തനങ്ങളെ തുരങ്കം വെക്കരുതെന്നും ഇന്ത്യൻ നിർമ്മിത മരുന്ന് ഉപയോഗിക്കാനുള്ള തീരുമാനം വിദഗ്ധ സമിതിയുടെ നിർദ്ദേശ പ്രകാരമാണെന്നും എസ്.എ.ടി ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. ഈ തീരുമാനം മുൻ സർക്കാരിന്റെ കാലത്ത് ആരംഭിച്ചതാണെന്നും സൂപ്രണ്ട് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം മുതലാണ് എസ്.എം.എ ക്ലിനിക്കുകൾ വഴി ഇന്ത്യൻ നിർമ്മിതമായ പുതിയ മരുന്ന് ആരോഗ്യവകുപ്പ് വിതരണം ചെയ്ത് തുടങ്ങിയത്. എന്നാൽ മരുന്നിന്റെ കവറിൽ ‘ഡോക്ടേഴ്സ് സാമ്പിൾ’ എന്ന് രേഖപ്പെടുത്തിയിരുന്നത് കുട്ടികളുടെ രക്ഷിതാക്കളിൽ വലിയ ആശങ്ക സൃഷ്ടിച്ചു. കൂടാതെ പുതിയ മരുന്നിന്റെ വിശദാംശങ്ങൾ ആരോഗ്യവകുപ്പ് മുൻകൂട്ടി ലഭ്യമാക്കിയില്ലെന്നും രക്ഷിതാക്കൾ പരാതിപ്പെട്ടു.
രക്ഷിതാക്കളുടെ ആശങ്ക ഏറ്റെടുത്ത പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, പരീക്ഷണ ലേബലുള്ള മരുന്നുകൾ കുട്ടികൾക്ക് നൽകിയത് നിസ്സാരമായി കാണാനാകില്ലെന്ന് കുറ്റപ്പെടുത്തി. പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻ വെച്ച് ചൂതാടുകയാണെന്നും വിഷയത്തിൽ അടിയന്തര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ ഈ ആരോപണങ്ങളിൽ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് എസ്.എ.ടി ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. രാജ്യത്ത് വേണ്ട എല്ലാ നിയമപരമായ അംഗീകാരങ്ങളും പുതിയ മരുന്നിനുണ്ട്. കുറഞ്ഞ വിലയിലുള്ള മരുന്ന് ലഭ്യമാകുന്നത് കൂടുതൽ കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകാൻ സഹായിക്കും. സാമ്പിൾ എന്ന് രേഖപ്പെടുത്തിയ മരുന്നും യഥാർത്ഥ മരുന്നും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും സൂപ്രണ്ട് വ്യക്തമായി വിശദീകരിച്ചു.















