തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (SIR) നടപടിയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് മൂന്ന് ചോദ്യങ്ങളുമായി കോൺഗ്രസ്. എസ്.ഐ.ആറിലൂടെ എത്ര നുഴഞ്ഞുകയറ്റക്കാരെയാണ് കണ്ടെത്തിയതെന്നും എത്ര പേരെ നാടുകടത്തിയെന്നും വ്യക്തമാക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ‘എക്സി’ൽ (X) കുറിപ്പ് പങ്കുവെച്ചു.
100 കോടിയിലധികം വരുന്ന ഇന്ത്യൻ ജനത എസ്.ഐ.ആർ പ്രക്രിയയിലൂടെ കടന്നുപോയെന്നും അതിന്റെ യഥാർത്ഥ ഫലം അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും ജയറാം രമേശ് വ്യക്തമാക്കി.
എസ്.ഐ.ആറിനെ ‘ഷാ ഇൻസ്റ്റിഗേറ്റഡ് റിമൂവൽ’ (Shah Instigated Removal) എന്ന് പരിഹസിച്ച ജയറാം രമേശ്, പദ്ധതിയിലൂടെ 14 കോടി ഇന്ത്യക്കാരുടെ ഭരണഘടനാപരമായ വോട്ടവകാശമാണ് കേന്ദ്രസർക്കാർ കവർന്നെടുത്തതെന്ന് ആരോപിച്ചു. യാഥാർത്ഥ്യങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് നുഴഞ്ഞുകയറ്റക്കാരെന്ന വാദം കേന്ദ്രം ആവർത്തിക്കുന്നത്.
വോട്ടവകാശം നഷ്ടമായ 14 കോടി ഇന്ത്യക്കാരും നുഴഞ്ഞുകയറ്റക്കാരാണെന്നാണോ അമിത് ഷാ പറയുന്നതെന്നും, ആഭ്യന്തരമന്ത്രി പദവിയിലിരുന്ന് നുഴഞ്ഞുകയറ്റം വർദ്ധിക്കുന്നതിനാണ് അമിത് ഷാ മേൽനോട്ടം വഹിച്ചതെന്നും ജയറാം രമേശ് കടുത്ത ഭാഷയിൽ ചോദിച്ചു.















