ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ മെട്രോപൊളിറ്റൻ നഗരങ്ങളിൽ ഭൂമി താഴ്ന്നുപോകുന്ന (Land Subsidence) ഗുരുതര സാഹചര്യം പഠിക്കാനും ശാശ്വത പരിഹാര നടപടികൾ നിർദ്ദേശിക്കാനുമായി കേന്ദ്ര സർക്കാർ നാലംഗ സംയുക്ത സമിതി രൂപീകരിച്ചു. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ വൻനഗരങ്ങളിൽ ഭീഷണി രൂക്ഷമാകുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) നൽകിയ നിർദ്ദേശത്തെ തുടർന്നാണ് നടപടി.
അനിയന്ത്രിതമായ ഭൂഗർഭജല ചൂഷണം, ശാസ്ത്രീയമല്ലാത്ത വൻകിട നിർമ്മാണ പ്രവർത്തനങ്ങൾ, മണ്ണൊലിപ്പ്, ദ്രുതഗതിയിലുള്ള നഗരവൽക്കരണം എന്നിവയാണ് നഗരങ്ങളിൽ ഭൂമി താഴാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കേന്ദ്ര ഭൂഗർഭജല അതോറിറ്റി (CGWA), കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (CPCB), സർവേ ഓഫ് ഇന്ത്യ, ദേശീയ ദുരന്തനിവാരണ അതോറിറ്റി (NDMA) എന്നിവയിലെ വിദഗ്ദ്ധർ ഉൾപ്പെടുന്നതാണ് പുതിയ സംയുക്ത സമിതി.
മെട്രോ നഗരങ്ങളിലെ ഭൂമിയുടെ ഘടനാപരമായ മാറ്റങ്ങളും കെട്ടിടങ്ങളുടെ സുരക്ഷിതത്വവും സമിതി പരിശോധിക്കും. ഇതിനോടകം തന്നെ ചെന്നൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ വൻകിട കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും അപകടസാധ്യതയുള്ളതായി പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കടുത്ത നിയന്ത്രണങ്ങളും മാർഗ്ഗരേഖകളും ട്രൈബ്യൂണൽ പുറപ്പെടുവിച്ചേക്കും.















