തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യകേരളത്തിലെ ജില്ലകളിലായിരിക്കും മഴ കൂടുതൽ കനക്കുക. മന്നാർ കടലിടുക്കിനും സമീപ തെക്കൻ തമിഴ്‌നാട് തീരപ്രദേശങ്ങൾക്കും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയും (Cyclonic Circulation) അനുബന്ധമായുള്ള ന്യൂനമർദ്ദ പാത്തിയുമാണ് (Trough) മഴ ശക്തമാകാൻ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ സംസ്ഥാനത്തുടനീളം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും പ്രത്യേക ജാഗ്രത പുലർത്താൻ നിർദ്ദേശമുണ്ട്.
വരും ദിവസങ്ങളിൽ എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോട്ടയം അടക്കമുള്ള മധ്യകേരളത്തിലെ ജില്ലകളിലും വടക്കൻ ജില്ലകളിലും മഴ കനക്കാനാണ് സാധ്യത. മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.















