ന്യൂഡൽഹി: ജി.എസ്.ടി (GST) ഉദ്യോഗസ്ഥരുടെ അധികാരം വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാർ നിർണ്ണായക നടപടികളിലേക്ക്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അധികാര ദുർവിനിയോഗവും വ്യാപാരികൾക്ക് നേരെ ഉയരുന്ന അനാവശ്യ ഭീഷണികളും തടയുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് നേരിട്ട് അറസ്റ്റ് ചെയ്യാനുള്ള അധികാരം എടുത്തുമാറ്റാനാണ് കേന്ദ്രം ആലോചിക്കുന്നത്.
നിലവിൽ സെക്ഷൻ 69 പ്രകാരം കമ്മീഷണറുടെ അനുമതിയോടെ വ്യക്തികളെ നേരിട്ട് അറസ്റ്റ് ചെയ്യാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. പുതിയ ഭേദഗതി വരുന്നതോടെ അറസ്റ്റ് നടപടികൾക്ക് കോടതിയുടെ മുൻകൂറ അനുമതി നിർബന്ധമാക്കും. കൂടാതെ ക്രിമിനൽ നടപടികൾ ആരംഭിക്കുന്നതിനുള്ള നികുതിവെട്ടിപ്പ് പരിധി 1 കോടി രൂപയിൽ നിന്ന് 5 കോടി രൂപയായി ഉയർത്താനും ശിക്ഷാനടപടികൾ ലഘൂകരിക്കാനും നിർദേശമുണ്ട്. വരാനിരിക്കുന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ഇത് ചർച്ച ചെയ്യുകയും വരും പാർലമെന്റ് സമ്മേളനത്തിൽ ഭേദഗതി ബിൽ അവതരിപ്പിക്കുകയും ചെയ്തേക്കും.















