പാലാ: സർവീസിൽ നിന്ന് ചാർജ് വിടുന്ന ദിവസം രക്തദാന ക്യാമ്പിലൂടെ പാലാ ഡി.വൈ.എസ്.പി. കെ. സദന് വേറിട്ട യാത്രയയപ്പൊരുക്കി പാലാ ബ്ലഡ് ഫോറം. കഴിഞ്ഞ മൂന്നു വർഷത്തോളമായി പാലാ ബ്ലഡ് ഫോറം ചെയർമാനായിരുന്ന ഡി.വൈ.എസ്.പി. കെ. സദനോടുള്ള ആദരസൂചകമായാണ് ദേശീയ സന്നദ്ധ രക്തദാന ദിനത്തിൽ യാത്രയയപ്പ് സംഘടിപ്പിച്ചത്. ചടങ്ങിനോടനുബന്ധിച്ച് പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം തന്റെ 136-ാമത് രക്തദാനവും നിർവ്വഹിച്ചു.
പാലാ മരിയൻ മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്കിൽ വച്ച് പാലാ ബ്ലഡ് ഫോറം, ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 B, ഫെഡറൽ ബാങ്ക്, മരിയൻ മെഡിക്കൽ സെന്റർ എന്നിവയുടെ സഹകരണത്തോടെയായിരുന്നു സന്നദ്ധ രക്തദാന ക്യാമ്പും യാത്രയയപ്പും സംഘടിപ്പിച്ചത്.
38 വർഷം… 136 രക്തദാനങ്ങൾ… 60 ലിറ്ററിലധികം!
38 വർഷങ്ങൾക്ക് മുമ്പ് രക്തദാനം ആരംഭിച്ച ഷിബു തെക്കേമറ്റം 136 തവണയായി 60 ലിറ്ററിലധികം രക്തമാണ് ഇതുവരെ ദാനം ചെയ്തിട്ടുള്ളത്. സ്വന്തമായി രക്തം നൽകുന്നതിനൊപ്പം ആയിരക്കണക്കിന് ആളുകളെ രക്തദാനത്തിലേക്ക് നയിക്കുകയും നിരവധിയായ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്യുന്ന കേരളത്തിലെ മുൻനിര സന്നദ്ധ രക്തദാതാക്കളിലൊരാളാണ് അദ്ദേഹം.
മരിയൻ മെഡിക്കൽ സെന്റർ അഡ്മിനിസ്ട്രേറ്റർ സി. ലിൻസി ഇമ്മാനുവൽ, സൂപ്രണ്ട് ഡോ. മാത്യു തോമസ്, മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫ്, ലയൺസ് ഡിസ്ട്രിക്ട് പ്രോജക്ട് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം, ഈരാറ്റുപേട്ട ജനമൈത്രി സി.ആർ.ഒ ബിനോയി തോമസ്, ബാബു സെബാസ്റ്റ്യൻ, സാബു മുകളേൽ, ഡോ. പി.ഡി. ജോർജ്, പ്രഫ. സുനിൽ തോമസ്, സജി വട്ടക്കാനാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.















