ഈരാറ്റുപേട്ട: നവീകരിച്ച അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന തീർത്ഥാടന ദൈവാലയത്തിന്റെ വെഞ്ചിരിപ്പ് ഇന്ന് (സെപ്റ്റംബർ 26) ഉച്ചകഴിഞ്ഞ് 4:30-ന് നടക്കും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിച്ച് സന്ദേശം നൽകും.
തോമാശ്ലീഹാ എ.ഡി. 62-ൽ അരുവിത്തുറയിലെത്തി കുരിശ് സ്ഥാപിച്ചു എന്നാണ് വിശ്വാസപാരമ്പര്യം. തുടർന്ന് എ.ഡി. 151-ൽ ആദ്യ ദൈവാലയവും പിന്നീട് എട്ടാം നൂറ്റാണ്ടിലും പതിനാറാം നൂറ്റാണ്ടിലും പുനർനിർമ്മാണങ്ങളും നടന്നു. പതിനാലാം നൂറ്റാണ്ടിൽ നിലയ്ക്കലിൽ നിന്നും അഭയം തേടിയെത്തിയ ക്രൈസ്തവർ കൊണ്ടുവന്ന അത്ഭുതപ്രവർത്തകനായ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുസ്വരൂപമാണ് പള്ളിയിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഒറ്റത്തടിയിൽ തീർത്ത, ഏഴ് നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ തിരുസ്വരൂപത്തിൽ മാധ്യസ്ഥം പ്രാർത്ഥിക്കാൻ നാനാജാതി മതസ്ഥരായ ആയിരങ്ങളാണ് ദിനവും എത്തുന്നത്.
1951-ൽ കൂദാശ ചെയ്ത നിലവിലുള്ള ദൈവാലയത്തിന്റെ ചരിത്രവും പൈതൃകവും പൂർണ്ണമായി സംരക്ഷിച്ചാണ് സമഗ്ര നവീകരണം പൂർത്തിയാക്കിയിരിക്കുന്നത്. സിറിയൻ ഗോത്തിക് ശില്പമാതൃക നിലനിർത്തി ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. മദുബഹയിലെയും ബേമ്മയിലെയും ചിത്രീകരണങ്ങൾ ക്രിസ്തുരഹസ്യങ്ങളെയും പള്ളിയുടെ ചരിത്രത്തെയും വ്യക്തമാക്കുമ്പോൾ, ആനവാതിലിലെ ചിത്രീകരണം തോമാശ്ലീഹായുടെ അരുവിത്തുറ സന്ദർശനത്തെ ആവിഷ്കരിക്കുന്നു.
ഇന്നത്തെ പരിപാടികൾ:
- വൈകുന്നേരം 4:30: മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ ദൈവാലയ വെഞ്ചിരിപ്പ്. (തുടർന്ന് ലഘുഭക്ഷണം)
- രാത്രി 07:00: പരിശുദ്ധ കുർബാന (രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ മുഖ്യകാർമ്മികത്വം വഹിക്കും).
ഫൊറോനാ വികാരി വെരി റവ. ഫാ. മാത്യു ചന്ദ്രൻകുന്നേൽ, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ചെങ്ങഴശ്ശേരിൽ, കൈക്കാരന്മാരായ ജോർജ് വടക്കേൽ, ആൻഡ്രൂസ് തെക്കേക്കണ്ടത്തിൽ, ജോർജ്കുട്ടി മുകാലിൽ, അഡ്വ. ടോം വെള്ളുക്കുന്നേൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.















