പാലാ ജനറൽ ആശുപത്രി റോഡ് കൈയേറ്റം: പരാതി നൽകിയതിന് വധഭീഷണിയെന്ന് നിയമ വിദ്യാർത്ഥി അനൂപ് ബോസ്
പാലാ: പാലാ ജനറൽ (കെ.എം. മാണി സ്മാരക) ആശുപത്രിയിലേക്കുള്ള ലിങ്ക് റോഡിന്റെ പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തികൾ അനധികൃതമായി കൈയേറിയെന്ന ആരോപണവുമായി നിയമ വിദ്യാർത്ഥിയും പൊതുപ്രവർത്തകനുമായ അനൂപ് ബോസ്. പൊതുമരാമത്ത് വകുപ്പ് (PWD) റോഡിനായി അനുവദിച്ച സ്ഥലത്ത് മാനദണ്ഡങ്ങൾ ലംഘിച്ച് വൻതോതിൽ അനധികൃത ഷെഡുകളും ബങ്കുകളും ഉയർന്നുവന്നിട്ടുണ്ടെന്ന് അദ്ദേഹം പാലാ മീഡിയ അക്കാദമിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഉന്തുവണ്ടി കച്ചവടത്തിന് നൽകിയ അനുമതിയുടെ മറവിൽ കമ്പികളും ഷീറ്റുകളും ഉപയോഗിച്ച് ഷോപ്പിംഗ് മാൾ മാതൃകയിലാണ് പുറമ്പോക്ക് ഭൂമിയിൽ അനധികൃത നിർമ്മാണം നടത്തിയിരിക്കുന്നത്. ഇതിനെതിരെ പാലാ മുൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ലെന്നും, മറിച്ച് തന്റെ പരാതി എതിരാളികൾക്ക് ചോർത്തി നൽകിയെന്നും അനൂപ് ആരോപിച്ചു. തുടർന്ന് തനിക്കെതിരെ വ്യാജ കള്ളപരാതി നൽകിയെങ്കിലും പോലീസ് അന്വേഷണത്തിൽ സത്യം തെളിഞ്ഞതായി അദ്ദേഹം പറഞ്ഞു.
കൈയേറ്റത്തിനെതിരെ മുൻസിപ്പൽ സെക്രട്ടറി, റവന്യൂ അധികാരികൾ, വിജിലൻസ്, ഓംബുഡ്സ്മാൻ എന്നിവർക്ക് പരാതി നൽകിയതിനെ തുടർന്ന് തനിക്ക് കടുത്ത വധഭീഷണിയുണ്ടെന്ന് അനൂപ് ബോസ് വെളിപ്പെടുത്തി. വാഹനം ഇടിച്ചു കൊല്ലുമെന്നും, ആംബുലൻസിൽ കഞ്ചാവ് വച്ച് കുടുക്കുമെന്നും, കൊട്ടേഷൻ നൽകി അപായപ്പെടുത്തുമെന്നും ഭീഷണിയുണ്ട്. ഇതിനെതിരെ മുഖ്യമന്ത്രി, ഡിജിപി, പ്രധാനമന്ത്രി തുടങ്ങിയവർക്ക് പരാതി നൽകിയിട്ടുണ്ട്. ആശുപത്രി വികസനത്തിനും രോഗികളുടെ സുഗമമായ യാത്രയ്ക്കും തടസ്സമാകുന്ന കൈയേറ്റങ്ങൾക്കെതിരെ പൊതുജനങ്ങൾ ഒന്നിക്കണമെന്നും, സെപ്റ്റംബർ 29-ന് നടക്കുന്ന ജിപിഎസ് സർവേയിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















