സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ഓട്ടോണമസ് രജതജൂബിലി ആഘോഷങ്ങൾക്ക് 2026 സെപ്റ്റംബർ 24-ന് തുടക്കമാകും. ഉച്ചയ്ക്ക് 2.00 മണിക്ക് കോളേജിലെ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ വെച്ചാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത്.
കേരളം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. റോജി എം ജോൺ രജതജൂബിലി ആഘോഷങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. പാലാ രൂപതാ മെത്രാനും കോളേജ് രക്ഷാധികാരിയുമായ മാർ ജോസഫ് കല്ലറങ്ങാട്ട് ചടങ്ങിൽ അധ്യക്ഷത വഹിക്കും. കേരളം ജലവിഭവ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ജൂബിലി ലോഗോ പ്രകാശനം ചെയ്യുകയും ആശംസകൾ അർപ്പിക്കുകയും ചെയ്യും.
സ്ഥാപക രക്ഷാധികാരിയും പാലാ രൂപതാ ബിഷപ്പ് എമെരിറ്റസുമായ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തും. പാലാ എം.എൽ.എ ശ്രീ. മാണി സി കാപ്പൻ, പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ എം.ജെ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തും. ചടങ്ങിന് കോളേജ് ചെയർമാൻ വെരി റവ. മോൺ. ഡോ. ജോസഫ് തടത്തിൽ സ്വാഗതവും, പ്രിൻസിപ്പൽ പ്രൊഫ. ഡോ. വി. പി. ദേവസ്യ കൃതജ്ഞതയും രേഖപ്പെടുത്തും. കോളേജിൻ്റെ മുൻകാല ചെയർമാൻമാർ, പ്രിൻസിപ്പൽമാർ, ബഹു. വൈദികർ, സിസ്റ്റർമാർ, രാഷ്ട്രീയരംഗത്തെ പ്രമുഖർ, അക്കാദമികവിദഗ്‌ധന്മാർ എന്നിവർ ചടങ്ങിൽ സന്നിഹിതനായിരിക്കും. എല്ലാവരുടെയും സാന്നിധ്യം ഈ ആഘോഷത്തെ കൂടുതൽ അവിസ്മരണീയമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ കോളേജ് ഡയറക്ടർ റവ പ്രൊഫ ഡോ ജയിംസ് ജോൺ മംഗലത്ത്, പ്രിൻസിപ്പൽ പ്രൊഫ ഡോ വി പി ദേവസ്യ, ജൂബിലി പ്രോഗ്രാം ജനറൽ കോർഡിനേറ്റർ ഡോ ജോബി പി പി, മീഡിയ & പബ്ലിസിറ്റി കോർഡിനേറ്റർ ഡോ ജിനു ആൻ ജോർജ്, കോളേജ് പി ആർ ഓ ഡോ നേവി ജോർജ് എന്നിവർ പങ്കെടുത്തു.















