പാലാ: സെന്റ് തോമസ് കോളേജ് പാലാ ഓട്ടോണമസിലെ മലയാള വിഭാഗം അസോസിയേഷന്റെ ഉദ്ഘാടനം പ്രശസ്ത പാൻ ഇന്ത്യൻ സംഗീത സംവിധായകൻ ജാക്സ് ബിജോയ് നിർവ്വഹിച്ചു. കോളേജ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ മലയാള വിഭാഗം മേധാവി ഡോ. സോജൻ പുല്ലാട്ട് സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) ടോജി തോമസും വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ കെ. തോമസും ചേർന്ന് മുഖ്യാതിഥിക്ക് ഉപഹാരം സമർപ്പിച്ചു.
ഉദ്ഘാടന ചടങ്ങിന് ശേഷം വിദ്യാർത്ഥികളുമായുള്ള സംവാദവും വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും വാട്ടർ ഡ്രംസ് പ്രകടനവും അരങ്ങേറി. അസോസിയേഷൻ പ്രസിഡന്റ് ബെനിറ്റ് ബെന്നി ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.















