തിരുവനന്തപുരം: നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം മൃഗശാല നെയ്യാറിലേക്ക് മാറ്റണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശത്തിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം. മൃഗശാലയും മ്യൂസിയവും പറിച്ചുനടാനുള്ള നീക്കം വാണിജ്യ ലക്ഷ്യം മുന്നിൽ
കണ്ടുള്ളതാണെന്നും മുതലാളിമാർക്ക് സ്ഥലം മറിച്ചു കൊടുക്കാനുള്ള ശ്രമമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത് ആരോപിച്ചു. ആരുമായും ആലോചിക്കാതെ എടുത്ത ഈ തീരുമാനവുമായി സർക്കാർ മുന്നോട്ട് പോയാൽ ഇടതുപക്ഷം ശക്തമായി എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു വർഷം 12 ലക്ഷത്തിലധികം സഞ്ചാരികൾ എത്തുന്ന മൃഗശാലയിലൂടെ എട്ട് കോടി രൂപയോളം വരുമാനം ലഭിക്കുന്നുണ്ടെന്ന് വി.കെ. പ്രശാന്ത് ചൂണ്ടിക്കാട്ടി. തിരുവനന്തപുരം മേയർ വി.വി. രാജേഷ് മുഖ്യമന്ത്രിയുടെ ആശയത്തെ അനുകൂലിച്ചതിനെയും എംഎൽഎ വിമർശിച്ചു. മൃഗങ്ങളിൽ നിന്ന് രോഗം പകരുമെന്ന കേട്ടുകേൾവിയില്ലാത്ത കാരണങ്ങൾ പറഞ്ഞാണ് നഗരത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നത്. സ്വന്തമായി തീരുമാനം പ്രഖ്യാപിക്കാതെ മുഖ്യമന്ത്രി നേരിട്ടെത്തി ജനങ്ങളുടെ അഭിപ്രായം കേൾക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. അതേസമയം, 36 ഏക്കറോളം വരുന്ന സ്ഥലം മൃഗശാല മാറ്റിയാൽ ‘മാഡിസൺ സ്ക്വയർ’ മാതൃകയിൽ പ്രധാന വികസന കേന്ദ്രമാക്കി മാറ്റുമെന്നാണ് മുഖ്യമന്ത്രി റീ-ഇമാജിനിങ് കേരള പരിപാടിയിൽ പറഞ്ഞത്.















