പിഎസ്സി പരീക്ഷ തട്ടിപ്പ് കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണവുമായി ബന്ധപ്പെട്ട് പിഎസ്സി ചെയർമാനും അംഗങ്ങൾക്കും പ്രത്യേക പരിരക്ഷയൊന്നുമില്ലെന്നും അവർ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. പിഎസ്സിക്കെതിരെ ഉയർന്നുവന്നിരിക്കുന്നത് അങ്ങേയറ്റം ഗുരുതരമായ ആരോപണങ്ങളാണെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കേണ്ടത് അവരുടെ ചുമതലയാണെന്നും അദ്ദേഹം വ്യക്തമാക്കി. പിഎസ്സി ചെയർമാൻ എന്നത് പ്രത്യേക ആനുകൂല്യങ്ങൾ അനുഭവിക്കാനുള്ള പദവിയല്ലെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, കമ്മീഷന്റെ വാദങ്ങൾ തള്ളിക്കളഞ്ഞു.
ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്നും കമ്മീഷന് പ്രത്യേക പരിരക്ഷയുണ്ടെന്നുമുള്ള നിലപാടിലായിരുന്നു പിഎസ്സി. നിയമസഭാ സമിതിയുടെ യോഗത്തിൽ കമ്മീഷൻ സെക്രട്ടറി പങ്കൈടുക്കേണ്ടതില്ലെന്ന പഴയ ഹൈക്കോടതി ഉത്തരവ് മുൻനിർത്തിയാണ് പിഎസ്സി പ്രതിരോധം തീർത്തത്. എന്നാൽ ക്രിമിനൽ നടപടിച്ചട്ട പ്രകാരമുള്ള കേസ അന്വേഷണത്തിൽ ചോദ്യം ചെയ്യാൻ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണെന്ന നിലപാടിൽ ക്രൈംബ്രാഞ്ചും ഉറച്ചുനിൽക്കുന്നു.
വിഷയത്തിൽ കൂടുതൽ നിയമോപദേശം തേടിയ ശേഷമായിരിക്കും ക്രൈംബ്രാഞ്ച് അടുത്ത നടപടികളിലേക്ക് കടക്കുക. നിലവിൽ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. അന്വേഷണം തടസ്സപ്പെടാതിരിക്കാൻ ഗസ്റ്റ് ഹൗസുകളിൽ വെച്ച് മൊഴിയെടുക്കുന്നതും പരിഗണനയിലുണ്ട്. അതേസമയം ക്രൈംബ്രാഞ്ച് നിലപാട് കർശനമാക്കിയാൽ ഹൈക്കോടതിയെ സമീപിക്കാനും പിഎസ്സി ആലോചിക്കുന്നുണ്ട്.















