സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി തുടരുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ വൈദ്യുതി നിയന്ത്രണങ്ങൾ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. പ്രതിസന്ധി പരിഹരിക്കാൻ ഹിമാചൽ പ്രദേശ് സർക്കാർ തരാമെന്ന് അറിയിച്ച 250 മെഗാവാട്ട് വൈദ്യുതി പകൽ സമയത്താണ് ലഭിക്കുക. അതിനാൽ ഇതുകൊണ്ട് കേരളത്തിന് വലിയ പ്രയോജനം ഉണ്ടാകില്ലെന്ന് മന്ത്രി വിശദീകരിച്ചു.
രാത്രിയിലെ ഉയർന്ന ഉപഭോഗ സമയത്തെ പ്രതിസന്ധിക്കാണ് അടിയന്തര പരിഹാരം വേണ്ടത്. പകൽ സമയത്ത് വൈദ്യുതി ലഭിക്കുന്നത് ഇപ്പോഴത്തെ പവർകട്ടിന് പരിഹാരമാകില്ലെന്നും, എന്നാൽ
പ്രതിസന്ധി മറികടക്കാനുള്ള മറ്റ് ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, റിപ്പോർട്ടർ ടിവിയിലെ പോലീസ് പരിശോധനയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല. വിഷയത്തിൽ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ തന്നെയാണ് തനിക്കും പറയാനുള്ളതെന്നും മന്ത്രി പ്രതികരിച്ചു.















