സിപിഎമ്മിൽ അസാധാരണ തിരുത്തൽ നടപടി. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പാർട്ടി ശാസിച്ചു. കൂട്ടായ നേതൃത്വവും വ്യക്തിപരമായ ഉത്തരവാദിത്തവും നിർവ്വഹിച്ചില്ലെന്ന് കാട്ടിയാണ് പിബി ഇടപെട്ടുകൊണ്ടുളള നടപടി.സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന സമിതിയിലും നിർണ്ണായക അഴിച്ചുപണിയും ഉണ്ടായി. മൂന്ന് പതിറ്റാണ്ടിലേറെയായി സംസ്ഥാന കമ്മറ്റിയിൽ തുടരുന്ന പി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ഉയർത്തി.
എംബി രാജേഷ്, വി ശിവൻകുട്ടി എന്നിവരെകൂടി സെക്രട്ടറിയേറ്റിലേക്ക് ഉൾപെടുത്തിയപ്പോൾ തോമസ് ഐസകിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി.ജോൺ ബ്രിട്ടാസിനെ സെക്രട്ടറിയേറ്റിൽ ക്ഷണിതാവാക്കി. യുവതലമുറയെ ഉൾപ്പെടുത്തിയാണ് സംസ്ഥാന സമിതി പുതുക്കിയത്. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 9പേരെയാണ് സമിതിയിൽ ഉൾപ്പെടുത്തിയത്. എൽഡിഎഫ് കൺവീനറെ മാറ്റാനും ധാരണയായി. പി രാജീവ് പുതിയ കൺവീനറാകും. പാർട്ടി ഉന്നത നേതൃത്വത്തിൽ തന്നെ തിരുത്തൽ വേണമെന്ന പോളിറ്റ്ബ്യൂറോ നിലപാടാണ് പുനഃസംഘടനയിലേക്ക് എത്തിച്ചത്.
സംസ്ഥാന സമിതിയിലെ പുതിയ ക്ഷണിതാക്കൾ ഇവരാണ്. എം.വിജിൻ, ജെയ്ക് സി. തോമസ്, പി. എസ്. സഞ്ജീവ്, ആദർശ് എം. സജി, എം. ശിവപ്രസാദ്, ഒ. എസ്. അംബിക, എൻ. സുകന്യ, സുബൈദ ഇസഹാക്ക്, പ്രഭാവർമ, സൂസൻ കോടി വീണ്ടും സമിതിയിൽ തിരിച്ചെത്തി. പാർട്ടി സെക്രട്ടറിക്കും ശാസനയുണ്ടോയെന്ന ചോദ്യം തള്ളാതെ എം. വി. ഗോവിന്ദൻ. നിങ്ങളോട് പറയേണ്ട ബാധ്യതയില്ലെന്നായിരുന്നു പതിവുശൈലിയിൽ ഉള്ള ഗോവിന്ദന്റെ മറുപടി. വീഴ്ചകളിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയെ ശാസിക്കാൻ തീരുമാനിച്ചത് അവയ്ലബിൾ പിബിയാണ്. പി.ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തണമെന്ന് അവയ്ലബിൾ പിബിയിൽ അശോക് ധാവ്ളെ നിലപാട് എടുത്തു.















