ന്യൂഡൽഹി: ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ വിപുലീകരിക്കണമെന്ന ബ്രിക്സ് കൂട്ടായ്മയുടെ ആവശ്യത്തിന് പൂർണ പിന്തുണയുമായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ്. ഡൽഹിയിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയുടെ ഓപ്പൺ സെഷനിൽ പങ്കെടുത്തു സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വികസ്വര രാജ്യങ്ങൾക്ക് അർഹിച്ച പരിഗണന നൽകുകയാണ് യുഎൻ പരിഷ്കരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സുരക്ഷാ കൗൺസിലിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണമെന്ന ഏറെ നാളത്തെ ആവശ്യത്തെ അടിവരയിട്ടാണ് പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ഇന്ത്യയുടെ ഈ ആവശ്യത്തെ റഷ്യയും ചൈനയും പിന്തുണയ്ക്കുകയും ചെയ്തു.
അതേസമയം, ഉച്ചകോടിയുടെ വിജയത്തെച്ചൊല്ലി രാജ്യത്ത് രാഷ്ട്രീയവാദം മുറുകുകയാണ്. പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കുന്ന സംയുക്ത പ്രസ്താവനയിറക്കാൻ സാധിച്ചതും പശ്ചിമേഷ്യൻ സംഘർഷത്തിൽ കൂട്ടായ്മയിൽ പൊതുധാരണയുണ്ടാക്കാൻ കഴിഞ്ഞതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപരമായ നേട്ടമായാണ് ബിജെപി ചൂണ്ടിക്കാണിക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇത് പ്രധാന പ്രചാരണ തന്ത്രമാക്കാൻ ബിജെപി ഒരുങ്ങുന്നു. എന്നാൽ, പശ്ചിമേഷ്യൻ സംഘർഷത്തിൽ കാര്യമായ ഇടപെടൽ നടത്താൻ സാധിക്കാത്തതും ഇന്ത്യ-ചൈന ബന്ധത്തിലെ നിലപാടുകളും ചൂണ്ടിക്കാട്ടി കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ ചോദ്യങ്ങളുയർത്തുന്നുണ്ട്.















