കൊച്ചി: സർക്കാരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് രാജ്യത്തെ ബാങ്ക് അസോസിയേഷനുകളുടെ കൂട്ടായ്മയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (UFBU) നേതൃത്വത്തിൽ വെള്ളിയാഴ്ച (സെപ്റ്റംബർ 11) രാജ്യവ്യാപക പണിമുടക്ക് നടത്തും. പണിമുടക്കിന് പിന്നാലെ രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും അവധിയായതിനാൽ തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ ബാങ്കിടപാടുകൾ പൂർണ്ണമായി മുടങ്ങും.
ആഴ്ചയിൽ പ്രവൃത്തിദിനം അഞ്ച് ദിവസമാക്കുക, വേതന പരിഷ്കരണവും സേവന വ്യവസ്ഥകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരിഹാരം കാണുക, പി.എൽ.ഐ (PLI) സ്കീമിലെ മാറ്റങ്ങൾ തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സെപ്റ്റംബർ അവസാന വാരത്തിൽ മൂന്ന് ദിവസത്തെ പണിമുടക്കും, ഒക്ടോബർ 26 മുതൽ അനിശ്ചിതകാല സമരവും ആരംഭിക്കുമെന്ന് ബാങ്ക് യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.















