സംസ്ഥാനത്തെ ജനപ്രതിനിധികളായ എം.പിമാർക്കും എം.എൽ.എമാർക്കുമെതിരായി 652 ക്രിമിനൽ കേസുകൾ വിചാരണ പൂർത്തിയാകാതെ തുടരുന്നതായി ഹൈക്കോടതിയിൽ റിപ്പോർട്ട്. ജില്ലാ ജുഡീഷ്യറി രജിസ്ട്രാറും സംസ്ഥാന പോലീസും നൽകിയ കണക്കുകളിലാണ് ഈ വിവരമുള്ളത്. വിഷയം പരിഗണിച്ച ഹൈക്കോടതി കേസുകളുടെ നടപടികൾ വൈകുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി.
ജനപ്രതിനിധികൾ ഉൾപ്പെട്ട കേസുകളിൽ സമൻസും വാറന്റും നൽകിയിട്ടുണ്ടെങ്കിലും, കൂട്ടുപ്രതികൾക്ക് അത് നൽകാൻ കഴിയാത്തതാണ് പല കേസുകളിലും നടപടികൾ നീളാൻ കാരണമെന്ന് രജിസ്ട്രി കോടതിയെ അറിയിച്ചു. സമൻസോ വാറന്റോ നൽകാൻ സാധിക്കാത്ത സാഹചര്യങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് ഹൈക്കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സുപ്രീം കോടതി നിർദ്ദേശപ്രകാരം എടുത്ത സ്വമേധയാ ഹർജി പരിഗണിക്കുന്നത്.
രണ്ടു വർഷത്തിലേറെ പഴക്കമുള്ള 30 കേസുകളിലും അഞ്ച് വർഷത്തിലധികം പഴക്കമുള്ള 14 കേസുകളിലും സമൻസ് നടപടികൾ പൂർത്തിയായിട്ടില്ല. ഹൈക്കോടതി ഉത്തരവിലൂടെ വിചാരണ സ്റ്റേ ചെയ്തിട്ടുള്ള കേസുകളുടെ വിശദാംശങ്ങൾ കൈമാറാനും രജിസ്ട്രിക്ക് നിർദ്ദേശം നൽകി. റിപ്പോർട്ടുകൾ പരിശോധിക്കുന്നതിനായി കേസ് ഈ മാസം 29-ലേക്ക് മാറ്റി.















