പാലാ: പാലാ അൽഫോൻസാ കോളേജ് ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൂന്നാമത് റവ. ഡോ. ജോസ് ജോസഫ് പുലവേലിൽ സ്മാരക പ്രഭാഷണം പ്രശസ്ത പാർലമെന്റ് അംഗവും കവയിത്രിയുമായ കനിമൊഴി കരുണാനിധി നിർവ്വഹിച്ചു. “സാഹിത്യം, ഭാഷ, ജനാധിപത്യം: വാക്കിന്റെ ശക്തി” എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം.
വൈവിധ്യമാണ് ഇന്ത്യയുടെ ആത്മാവെന്നും ജാതി, വർഗ്ഗ, മത വ്യത്യാസമില്ലാത്ത ഐക്യമാണ് രാജ്യത്തിന്റെ കരുത്തെന്നും കനിമൊഴി ഓർമ്മിപ്പിച്ചു. ഭരണകൂടങ്ങളെയും വ്യവസ്ഥിതിയിലെ കാർക്കശ്യങ്ങളെയും ചോദ്യം ചെയ്യാൻ പൊതുസമൂഹത്തെ പ്രാപ്തമാക്കുന്നത് സാഹിത്യവും കലയുമാണ്. സാഹിത്യവും സംസ്‌കാരവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ച അവർ, “സാഹിത്യമാണ് വഴി, വാക്കുകളാണ് വഴി” എന്ന സന്ദേശത്തോടെയാണ് പ്രഭാഷണം അവസാനിപ്പിച്ചത്. തുടര്‍ന്ന് വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്കും അവർ മറുപടി നൽകി.
കോളേജ് മാനേജർ റവ. ഡോ. ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മിനിമോൾ മാത്യു, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. സോണിയ സെബാസ്റ്റ്യൻ, വൈസ് പ്രിൻസിപ്പൽമാർ, മറ്റ് ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. മുമ്പ് ഡോ. ശശി തരൂർ എം.പി., സാമൂഹിക പ്രവർത്തക മേധാ പട്കർ എന്നിവരായിരുന്നു ഈ പരമ്പരയിൽ പ്രഭാഷണം നടത്തിയത്.















