കെപിസിസി അധ്യക്ഷ പദത്തിൽ “ഫയൽ” ഇനിയും തുറക്കാതെ എഐസിസി. ചർച്ച എപ്പോൾ തുടങ്ങുമെന്നതിൽ വ്യക്തതയില്ല. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ സംഘടന വിഷയങ്ങൾക്കാണ് എഐസിസി ഇപ്പോൾ മുൻഗണന നൽകുന്നത്. ചർച്ചകളിൽ ഇടപെടാതെ കെ.സി. വേണുഗോപാൽ ആരുടെയും പേര് നിർദേശിക്കില്ലെന്ന നിലപാടിലാണ്
കെ.സി. വേണുഗോപാൽ. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും സണ്ണി ജോസഫ് തുടരുകയാണ്. നിലവിൽ വൈദ്യുതി മന്ത്രിയാണ് സണ്ണി ജോസഫ്. പാർട്ടിക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണമെന്നാണ് പല നേതാക്കളുടെയും ആവശ്യം. എന്നാൽ ഒറ്റപ്പേരിലെത്താൻ പാർട്ടിക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി ചേർന്നിരുന്നു.
മന്ത്രി സ്ഥാനവും കെപിസിസി അധ്യക്ഷ പദവിയും ഒന്നിച്ചു കൊണ്ടുപോകാന്‍ പറ്റുമെങ്കിലും ഒരാള്‍ക്ക് ഒരു പദവി നല്‍കുന്നതിനോടാണ് യോജിപ്പെന്നും സണ്ണി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ഏത് പദവി ഒഴിയണം എന്നു ഹൈക്കമാൻഡ് പറഞ്ഞാല്‍ ഒഴിയാൻ തയാറാണെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. പുതിയ പ്രസിഡന്റ് വൈകുന്ന സാഹചര്യത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് കെപിസിസി നേതൃത്വം. തലസ്ഥാനത്തുള്ളപ്പോൾ സണ്ണി ജോസഫ് കൂടുതൽ സമയം ഇന്ദിരാഭവനിൽ തങ്ങാൻ ആണ് ധാരണ.

















